1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2024

സ്വന്തം ലേഖകൻ: സൈബർ തട്ടിപ്പുകളിൽ ഉപയോഗപ്പെടുത്താനായി 5,000-ത്തിലധികം ഇന്ത്യൻ പൗരന്മാരെ കംബോഡിയയിൽ ബന്ദികളാക്കിയതായി റിപ്പോർട്ട്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളിൽ ഉപയോഗപ്പെടുത്താനാണ് ഇവരെ ബന്ദികളാക്കിയതെന്നാണ് വിവരം. ഇന്ത്യയിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇത്തരത്തിൽ 500 കോടിയോളം രൂപ തട്ടിയെടുത്തതായി അധികൃതർ കണക്കാക്കുന്നു.

കംബോഡിയയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഈ മാസം ആദ്യം, വിദേശകാര്യ മന്ത്രാലയം (MEA), ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) , ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (മെയിറ്റി), എന്നിവ മറ്റ് സുരക്ഷാ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും സഹകരിച്ചാണ് കംബോഡിയയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സജീവ ശ്രമങ്ങൾ നടക്കുന്നത്. ഇത്തരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാക്കറ്റിനെക്കുറിച്ചും സംഘം അന്വേഷിക്കുന്നുണ്ട്.

” ഏജന്റുമാരുടെ വഞ്ചനയില്‍ അകപ്പെട്ടാണ്‌ ആളുകൾ കംബോഡിയയിൽ കുടുങ്ങിയതെന്നാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വ്യക്തമായത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളുകളെയാണ് ഇത്തരത്തിൽ കൂടുതൽ കംബോഡിയയിൽ എത്തിച്ചിട്ടുള്ളത്. ഡാറ്റാ എൻട്രി ജോലികൾക്ക്‌ എന്ന വ്യാജേനയാണ് ഏജന്റുമാർ ഇവരെ കയറ്റി അയക്കുന്നത്. എന്നാൽ പിന്നീട് ഇവരെ സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിക്കുകയും ബന്ദികൾ ആക്കുകയുമായിരുന്നെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കംബോഡിയയിൽ കുടുങ്ങിയവരോട് ഇന്ത്യയിലുള്ള ആളുകൾക്ക് നേരെ സൈബർ തട്ടിപ്പുകൾ നടത്താൻ ആണ് ആവശ്യപ്പെട്ടിരുന്നത്. ചിലരോട് പോലീസുകാരായി അഭിനയിക്കാനും പാഴ്സലുകളിൽ സംശയാസ്പദമായ ചില വസ്തുക്കൾ കണ്ടെത്തിയെന്ന് കബളിപ്പിച്ച് പണം തട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ബംഗളൂരുവിൽ നിന്ന് കംബോഡിയയിൽ കുടുങ്ങിയ മൂന്ന് പേരെ ഇത്തരത്തിൽ തിരിച്ച് എത്തിച്ചിട്ടുണ്ട്.

കംബോഡിയയിലേക്ക് ആളുകളെ കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന എട്ട് പേരെ കഴിഞ്ഞ വർഷം ഡിസംബർ 30-ന് ഒഡീഷയിലെ റൂർക്കല പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. 70 ലക്ഷം രൂപ തട്ടിയെടുത്ത ഒരു മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്.

ഈ സംഘങ്ങളെ നിയന്ത്രിക്കുന്നത് ചൈനയില്‍ നിന്നാണെന്നാണ്‌ രക്ഷപ്പെട്ട വന്നവരുടെ മൊഴി. ”പെൺകുട്ടികളുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഫേസ്ബുക് അക്കൗണ്ടുകൾ നിർമിക്കുകയും അതുപയോഗിച്ച് ആളുകളെ കബളിപ്പിക്കുകയും ചെയ്യുകയായിരുന്നു ജോലി. നിശ്ചയിച്ച ടാര്‍ഗറ്റ് തികയ്ക്കാനായില്ലെങ്കില്‍ ഭക്ഷണം തരാതിരിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.

ഒന്നര മാസത്തിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടതോടെയാണ് മൂന്ന് പേരുടെ മോചനം സാധ്യമായത്”- സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപെട്ടവര്‍ പോലീസിനോടു പറഞ്ഞു. തങ്ങൾ താമസിച്ചിടത്ത് മാത്രം 200 ഓളം പേർ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നതായി ഇവർ മൊഴി നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.