മാഞ്ചസ്റ്റര്‍ ടീമുകളായ യുണൈറ്റഡും സിറ്റിയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കുതിപ്പു തുടരുന്നു. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് (2-0) നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തിയപ്പോള്‍ ഇവൂഡ് പാര്‍ക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് (4-0) ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സിനെ തുരത്തി. ഏഴു കളികള്‍ പൂര്‍ത്തിയാക്കിയ ഇരു ടീമുകള്‍ക്കും ഇപ്പോള്‍ 19 പോയന്റു വീതമാണുള്ളതെങ്കിലും ഗോള്‍ശരാശരിയില്‍ യുണൈറ്റഡാണ് മുന്നില്‍. ലീഗിലെ മറ്റു കളികളില്‍ ലിവര്‍പൂള്‍ എവര്‍ട്ടണെയും(2-0) ആസ്റ്റണ്‍വില്ല, വീഗന്‍ അത്‌ലറ്റിക്കിനേയും(2-0) തോല്പിച്ചു. ഏഴു കളികളില്‍ നാലു വിജയം നേടിയ ലിവര്‍പൂള്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടു ഗോളിന് ജയിച്ചെങ്കിലും നോര്‍വിച്ച് കടുത്തപോരാട്ടം നടത്തിയാണ് കീഴടങ്ങിയത്. ഗോളാക്കാവുന്ന നിരവധി അവസരങ്ങള്‍ പാഴാക്കിയ നോര്‍വിച്ച് രണ്ടാം പകുതിയില്‍ ബ്രസീലിയന്‍ താരം ആന്‍ഡേഴ്‌സണും(68) ഡാനി വെല്‍ബക്കും(87) നേടിയ ഗോളുകളിലാണ് തോല്‍വി സമ്മതിച്ചത്. ഏഴു കളികളില്‍ 24 ഗോളടിച്ച യുണൈറ്റഡ് അഞ്ചു ഗോളുകളാണ് ഇതുവരെ വഴങ്ങിയിട്ടുള്ളത്.
ഇവുഡ്പാര്‍ക്കില്‍ സിറ്റിയെ ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ വിടാതെ ബ്ലാക്ക്‌ബേണ്‍ തടഞ്ഞിട്ടതാണ്. 23-ാം മിനിറ്റില്‍ പേശിവലിവുകാരണം സ്റ്റാര്‍ സ്‌ട്രൈക്കര്‍ അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്യൂറോയെ നഷ്ടമായ സിറ്റിക്ക് ഗോളടക്കാന്‍ അരമണിക്കൂര്‍ കൂടി കാത്തിരിക്കേണ്ടിവന്നു. അഗ്യൂറോയ്ക്ക് പകരമെത്തിയത് സമീര്‍ നസ്‌റിയാണ്. 57-ാം മിനിറ്റില്‍ ആദം ജോണ്‍സണിലൂടെ സിറ്റി മുന്നില്‍ കടന്നു. പതിനെട്ടു മത്സരങ്ങളില്‍ ആദ്യ ഗോളടിച്ച ജോണ്‍സണ്‍ ഗോള്‍മഴയ്ക്കുള്‌ല തുടക്കമാണ് കുറിച്ചത്.
രണ്ടു മിനിറ്റുകള്‍ക്ക് ശേഷം മരിയോ ബാലോടെല്ലി ലീഡുയര്‍ത്തി. നസ്‌റിയുടെ പാസ് സ്വീകരിച്ച് ബാളോടെല്ലി അടിയുതിര്‍ത്തപ്പോള്‍ ബ്ലാക്ക്‌ബേണ്‍ ഗോളി നിസ്സഹായനായി. ഉജ്വല ഫോമില്‍ കളിച്ച നസ്‌റിയുടെ വകയായിരുന്നു മൂന്നാം ഗോള്‍(73). 14 മിനിറ്റുകള്‍ക്കുശേഷം സ്‌റ്റെഫാന്‍ സവിച്ച് സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഏഴു കളികളില്‍ 23 ഗോളുകളടിച്ച സിറ്റി വഴങ്ങിയത് അഞ്ചു ഗോളുകള്‍ മാത്രമാണ്.
ലീഗിന്റെ തുടക്കത്തില്‍ തപ്പിത്തടഞ്ഞിരുന്ന ലിവര്‍പൂള്‍ ആന്‍ഡി കാരോളിന്റെയും(71) ഉറുഗ്വായ് താരം ലൂയീ സുവാരസിന്റെയും(82) ഗോളുകളിലാണ് കരുത്തരായ എവര്‍ട്ടണെ ശനിയാഴ്ച പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ഒരു മണിക്കൂറോളം സമയം പത്തുപേരുമായി കളിക്കേണ്ടി വന്ന എവര്‍ട്ടണ്‍ കനത്ത ചെറുത്തുനില്പ് തന്നെ നടത്തി. ഒന്നാം പകുതിയില്‍ ഡിര്‍ക്ക് കുയ്റ്റിന്റെ പെനാല്‍ട്ടി തടഞ്ഞ എവര്‍ട്ടണ്‍ ഗോളി ടിം ഹൊവാര്‍ഡ് 71 മിനിറ്റുവരെ ഗോള്‍വല ഭദ്രമാക്കി കാത്തു. എന്നാല്‍ 11 മിനിറ്റിനിടെ വീണ രണ്ടു ഗോള്‍ ലിവര്‍പൂളിന് ജയവും നാലാം സ്ഥാനവും സമ്മാനിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല