1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2023

സ്വന്തം ലേഖകൻ: ചതുരംഗ പലകയില്‍ പ്രഗ്നാനന്ദ വിതച്ച കൊടുങ്കാറ്റ് അടങ്ങുന്നതിന് മുന്‍പേ ഇതാ മറ്റൊരു ഇന്ത്യന്‍ പ്രതിഭ യൂറോപ്യന്‍ ചെസ് ലോകത്തെ വിറപ്പിച്ചു കൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്നു. യൂറോപ്യന്‍ ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച വനിതാ ചെസ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ ഹാരോയില്‍ താമസിക്കുന്ന എട്ട് വയസ്സുകാരിയായ ബോധന ശിവാനന്ദനെ. പരിചയസമ്പന്നരായെ കളിക്കാരെ പരാജയപ്പെടുത്തിയാണ് ബോധന ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

തികച്ചും അവിശ്വസനീയമെന്ന് പാശ്ചാത്യ ലോകത്തെ സ്‌പോര്‍ട്‌സ് ലേഖകള്‍ വിലയിരുത്തിയ പ്രകടന പരമ്പരയില്‍ ബോധന ഒരു ഇന്റര്‍നാഷണല്‍ മാസ്റ്ററെ പരാജയപ്പെടുത്തുകയും ഒരു ഗ്രാന്‍ഡ് മാസ്റ്ററുമായി സമനില പാലിക്കുകയും ചെയ്തു. അഞ്ചാം വയസ്സ് മുതല്‍ ചെസ് കളിക്കാന്‍ തുടങ്ങിയ ഈ കുരുന്നു പ്രതിഭ പറയുന്നത് തന്റെ പ്രകടനത്തില്‍ സംതൃപ്തയാണെന്നാണ്.

ഓരോ കരുനീക്കത്തിനും ഏതാനും മിനിറ്റുകള്‍ മാത്രം ലഭിക്കുന്ന, ചെസിന്റെ അതിവേഗ രൂപമായ ബ്ലിറ്റ്‌സ് ടൈം കണ്‍ട്രോള്‍ രൂപത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ചെസില്‍ മൂന്ന് തരം ടൈമിംഗുകള്‍ ഉണ്ട് എന്നാണ് ബോര്‍ഡ് ഓഫ് ഇംഗ്ലീഷ് ചെസ് ഫെഡറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ വുഡ്ഹൗസ് പറഞ്ഞത്. സ്റ്റാന്‍ഡേര്‍ഡ്, റാപ്പിദ്, ബ്ലിറ്റ്‌സ് എന്നിവയാണവ. ഒരു ബ്ലിറ്റ്‌സ് ഗെയിമിം ഒരു നീക്കത്തിന് ലഭിക്കുക മൂന്ന് മുതല്‍ അഞ്ച് മിനിറ്റു വരെ സമയമായിരിക്കും. അതുകൊണ്ടു തന്നെ ഇത് അതിവേഗ ചെസ് എന്നറിയപ്പെടുന്നു.

ചെസ് ലോകത്തിലെ അത്യൂന്നത പദവിയായ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ് പട്ടം നേടിയവര്‍ ഉള്‍പ്പടെ ഈ മത്സരത്തില്‍ ബോധനയുടെ എതിരാളികളായി എത്തിയിരുന്നു. താന്‍ എപ്പോഴും വിജയിക്കുവാനായി കഠിനമായി ശ്രമിക്കുമെന്നും എന്നാല്‍, ചിലപ്പോള്‍ അത് സാധ്യമാകാറില്ലെന്നും ഈ കുരുന്നു പ്രതിഭ പറയുന്നു. യൂറോപ്യന്‍ ബ്ലിറ്റ്‌സില്‍ വനിത വിഭാഗത്തില്‍ മുന്നിലെത്തിയത് അഭിമാനകരമാണെനും ബോധന ബി ബി സിയോട് പറഞ്ഞു. ആശങ്കയുണ്ടായിരുന്നോ എന്നചോദ്യത്തിന്, തന്റെ ശ്രദ്ധ മുഴുവന്‍ ബോര്‍ഡിലായിരുന്നു എന്നായിരുന്നു ബോധനയുടെ മറുപടി.

ഈ ബഹുമതി കൈവരിക്കുന്നതിനിടയില്‍ ബോധന ഏറ്റുമുട്ടിയ റൊമാനിയന്‍ ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്റര്‍ ഐറിന ബള്‍മഗാര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത് വിശ്വസിക്കാനാവാത്ത മത്സരഫലം എന്നായിരുന്നു. എന്തൊരു പ്രകടനമായിരുന്നു ആ കുട്ടി കാഴ്ച്ചവെച്ചതെന്നും അവര്‍ അദ്ഭുതം കൂറുന്നുണ്ട്. ഒരുപക്ഷെ നമ്മുടെ രാജ്യം ചരിത്രത്തില്‍ ഇതുവരെ സാക്ഷ്യം വഹിക്കാത്ത ഒരു പ്രകടനം എന്നായിരുന്നു ഇംഗ്ലീഷ് ചെസ് ഫെഡറേഷന്‍ പ്രസിഡണ്ട് ഡൊമിനിക് ലോസണ്‍ പറഞ്ഞത്.

സമീപകാല ചരിത്രത്തില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സമര്‍ത്ഥരായ ചെസ് കളിക്കാരില്‍ ഒരാള്‍ എന്നായിരുന്നു ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്ററും കമന്റേറ്ററുമായ ലോറന്‍സ് ട്രെന്‍ഡ് പറഞ്ഞത്. പക്വതയാര്‍ന്ന സമീപനം, സൂക്ഷ്മതയാര്‍ന്ന നീക്കങ്ങള്‍, അതാണ് ബോധനയെ വ്യത്യസ്തയാക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഈ കുരുന്ന് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ചെസ് കളിക്കാരില്‍ ഒരാളായി മാറും എന്നതില്‍ സംശയമില്ല എന്ന് പറഞ്ഞ അദ്ദേഹം ഒരു പക്ഷെ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരിയും ആയേക്കും എന്നും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.