1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2022

സ്വന്തം ലേഖകൻ: സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ ചൂഷണങ്ങള്‍ക്ക് ഇരയായെന്നും അവര്‍ക്ക് ഫിഫ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ആവശ്യത്തിന് മറുപടിയുമായി ഖത്തര്‍. തൊഴില്‍ ചൂഷണങ്ങള്‍ക്കിരയായ കുടിയേറ്റ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 44 കോടി ഡോളര്‍ മാറ്റിവയ്ക്കണമെന്നായിരുന്നു മനുഷ്യാവകാശ സംഘടനയായി ആംനെസ്റ്റിയുടെ ആവശ്യം. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിയോക്ക് സംഘടന അയച്ച തുറന്ന കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഖത്തറില്‍ നടന്ന ലോകകപ്പ് ഒരുക്കങ്ങള്‍ക്കിടയില്‍ തൊഴില്‍ ചൂഷണങ്ങള്‍ നടന്നുവെന്ന ആംനെസ്റ്റിയുടെ റിപ്പോര്‍ട്ട് വസ്തുകള്‍ക്കു നേരെ കണ്ണടയ്ക്കുന്നതാണെന്ന് ഖത്തര്‍ മറുപടി നല്‍കി. തൊഴില്‍ രംഗത്ത് സമഗ്രവും ശാശ്വതവുമായ മാറ്റം ഉറപ്പാക്കിക്കൊണ്ട് ഖത്തര്‍ നടത്തിവരുന്ന തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ അതിവേഗം തുടരുമെന്നും ഇതുവരെ നടപ്പിലാക്കിയ തൊഴില്‍ പരിഷ്‌ക്കാരങ്ങളില്‍ രാജ്യം അഭിമാനം കൊള്ളുന്നതായും ഖത്തര്‍ തൊഴില്‍ മന്ത്രാലയം ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ മറ്റു രാജ്യങ്ങള്‍ നിരവധി പതിറ്റാണ്ടുകള്‍ എടുത്ത് കൈവരിച്ച നേട്ടങ്ങളാണ് ഖത്തര്‍ ചുരുങ്ങിയ കാലങ്ങള്‍ക്കിടയില്‍ നേടിയെടുത്തത്. തൊഴില്‍ പരിഷ്‌ക്കരണത്തിനുള്ള ഖത്തറിന്റെ പ്രതിബദ്ധത മാറ്റമില്ലാതെ തുടരും. മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍ തൊഴില്‍ മേഖലയെ നവീകരിക്കാനാണ് ഖത്തര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അന്താരാഷ്ട്ര തൊഴില്‍ സംഘടന, നിരവധി എന്‍ജിഒകള്‍, ട്രേഡ് യൂണിയനുകള്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് ഖത്തര്‍ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഈ സഹകരണം പരസ്പര വിശ്വാസത്തിലും കഠിനാധ്വാനത്തിലും ലക്ഷ്യങ്ങളെ കുറിച്ചുള്ള പരസ്പര ധാരണയിലും അധിഷ്ഠിതമായിരുന്നുവെന്നും ഖത്തര്‍ വ്യക്തമാക്കി.

തൊഴില്‍ രംഗത്തെ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഖത്തറിന് അകത്തും പുറത്തുമുള്ള ബിസിനസ് സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഖത്തര്‍ മുന്നോട്ടുപോയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടിയില്‍ ദേശീയ മിനിമം വേതനം, എക്‌സിറ്റ് പെര്‍മിറ്റുകള്‍ നീക്കം ചെയ്യല്‍, ജോലി മാറ്റത്തിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കല്‍, റിക്രൂട്ട്‌മെന്റ് കാര്യങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍, തുല്യനീതിക്കും നഷ്ടപരിഹാരത്തിനുമായുള്ള മെച്ചപ്പെട്ട സംവിധാനങ്ങള്‍, തൊഴിലാളികള്‍ക്ക് മികച്ച താമസ സൗകര്യങ്ങള്‍, ആരോഗ്യ- സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ പുതിയ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ രാജ്യം നടപ്പിലാക്കിയതായും മന്ത്രാലയം ഓര്‍മിപ്പിച്ചു.

തൊഴിലാളികള്‍ ഖത്തറില്‍ എത്തുന്നതിന് മുമ്പ് നടക്കാനിടയുള്ള ചൂഷണങ്ങള്‍ തടയാന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി ചേര്‍ന്ന് ഖത്തര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ക്കും നിഷേധിക്കാനാവാത്ത മുന്നേറ്റമാണ് ഖത്തര്‍ ഇക്കാര്യത്തില്‍ നടത്തിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപിച്ച വര്‍ക്കേഴ്സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷുറന്‍സ് ഫണ്ട് വഴി കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം മാത്രം 110 ദശലക്ഷം പൗണ്ടാണ് വിതരണം ചെയ്തത്. ഖത്തറിനെ നിരന്തരമായ വിമര്‍ശിക്കാറുള്ള എന്‍ജിഒകളുമായി സഹകരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതിനകം രാജ്യം കൈവരിച്ച നേട്ടങ്ങളെ അവമതിക്കുന്നതാണ് ആംനെസ്റ്റി റിപ്പോര്‍ട്ടെന്ന് വിശേഷിപ്പിച്ച ഖത്തര്‍, പരസ്പരം സഹകരണത്തിലൂടെയും ചര്‍ച്ചകളിലൂടെയും മാത്രമേ ഗുണഫലങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും വ്യക്തമാക്കി. രാജ്യം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ അത് അടിവവരയിടുന്നതാണ്. രാജ്യത്തെ തൊഴില്‍ കമ്പോളത്തിന്റെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഖത്തറിനുണ്ടെന്നും മന്ത്രാലയം പ്രസ്താവയില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.