1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2024

സ്വന്തം ലേഖകൻ: വാഹന ഇന്‍ഷുറന്‍സ് നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ തീരുമാനിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) നിശ്ചയിക്കുന്ന താരിഫുകള്‍ അതോടെ ഇല്ലാതാകും. വാഹനങ്ങളുടെ ഇനം, ക്യുബിക് കപ്പാസിറ്റി (സി.സി.), കയറ്റാവുന്ന ഭാരം, യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് ഐ.ആര്‍.ഡി.എ.ഐ. ഇന്‍ഷുറന്‍സ് നിരക്കു നിശ്ചയിച്ചിരുന്നത്.

ഓരോ തരം വാഹനമുണ്ടാക്കുന്ന അപകടനിരക്കും താരിഫ് നിശ്ചയിക്കാന്‍ അടിസ്ഥാനമാക്കിയിരുന്നു. എന്നാല്‍, ഈ രീതി പൊളിച്ചെഴുതുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ അതനുസരിച്ചാകും വാഹന ഇന്‍ഷുറന്‍സ് പോളിസി വിതരണം. നിലവിലെ പോളിസി പുതുക്കുമ്പോഴും ഇതു ബാധകമാകും.അഗ്‌നിരക്ഷാ ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയിലെ താരിഫ് നേരത്തേ നീക്കിയിരുന്നു.

അതോടെ ആ മേഖലകളില്‍ കമ്പനികള്‍ക്കു പ്രീമിയം നിശ്ചയിക്കാമെന്ന സ്ഥിതി വന്നു. എന്നാല്‍, പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറച്ചുകാലം കൂടി താരിഫ് രീതി പിന്തുടര്‍ന്നു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടക്കത്തില്‍ പ്രിമിയം വെട്ടിക്കുറച്ചതോടെ ആ രംഗത്ത് കടുത്ത മത്സരമായി. അതോടെ പൊതുമേഖലാ കമ്പനികളും പ്രീമിയം കുറച്ചുള്ള പോളിസികള്‍ രംഗത്തിറക്കി. എന്നാല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഓരോവര്‍ഷവും വന്‍തോതില്‍ കൂടുന്നതായാണു കാണുന്നത്.

അത് വാഹന ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും സംഭവിച്ചേക്കാം. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് വിപണികളിലൊന്നാണ് ഇന്ത്യയിലെ വാഹന ഇന്‍ഷുറന്‍സ് മേഖല. ഐ.ആര്‍.ഡി.എ.ഐ. നിരക്ക് ഇല്ലാതാകുന്നതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു കൂടുതല്‍ അധികാരം ലഭിക്കും. എങ്കിലും പോളിസികള്‍ക്ക് ഐ.ആര്‍.ഡി.എ.ഐ.യുടെ അനുമതി വേണമെന്ന കര്‍ശനവ്യവസ്ഥ കേന്ദ്ര വിജ്ഞാപനത്തിലുണ്ട്.

ഐ.ആര്‍.ഡി.എ.ഐ. താരിഫ് ഇല്ലാതാകുന്നതോടെ കമ്പനികള്‍ സ്വന്തംനിലയില്‍ പോളിസികള്‍ക്കു രൂപം നല്‍കണം. എന്നാല്‍, ഒരു സ്ഥാപനവും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതിനാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തെ പോളിസി നിരക്കുകള്‍ എത്രയാകുമെന്നതില്‍ വ്യക്തതയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.