1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2021

സ്വന്തം ലേഖകൻ: പ്രതിദിന കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് വീസകള്‍ നല്‍കുന്നത് പുനരാരംഭിക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ. കൊറോണ വൈറസ് മൂലം തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്തുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ടൂറിസ്റ്റ് വീസയ്ക്കായുള്ള പ്രക്രിയകള്‍ ഉടന്‍ ആരംഭിക്കുന്നത്.

എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം, പൂര്‍ണ വാക്സിനേഷൻ ലഭിച്ച ആളുകളെ മാത്രമേ ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാൻ അനുവദിക്കൂ. ഘട്ടം ഘട്ടമായും സാധ്യതകൾക്കനുസരിച്ചുമായിരിക്കും വീസ പുനരാരംഭിക്കല്‍ പ്രക്രിയ നടത്തുകയെന്നാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ഭാഗമായി, ഇന്ത്യയിൽ അംഗീകരിച്ച രാജ്യാന്തര വാക്സിനുകളുടെ ഒരു പട്ടികയും കേന്ദ്രം തയാറാക്കും.

റിപ്പോർട്ടുകൾ പ്രകാരം, 2020 മാർച്ച് മുതലാണ് ടൂറിസ്റ്റ് വീസകൾ താൽക്കാലികമായി നിർത്തിവച്ചത്. ആദ്യ ലോക്ഡൗണിനോട് അനുബന്ധിച്ചായിരുന്നു ഇത് നിലവില്‍ വന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടപ്പോൾ, വീസ നിയമങ്ങളിൽ ചില ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ടൂറിസ്റ്റ് വീസ നൽകുന്നത് പുനരാരംഭിക്കുന്ന കാര്യം പരിഗണിച്ചിരുന്നില്ല. അതിനുശേഷം, തൊഴിൽ, ബിസിനസ് തുടങ്ങി നിരവധി വിഭാഗങ്ങളിലുള്ള വീസകൾ നല്‍കുന്നത് തുടര്‍ന്നിരുന്നെങ്കിലും ടൂറിസ്റ്റ് വീസയുടെ കാര്യം പഴയ പോലെ തുടര്‍ന്നു. 2020 ഒക്‌ടോബറിൽ, ടൂറിസ്റ്റ് വീസ ഒഴികെയുള്ള ഏത് ആവശ്യത്തിനും ഇന്ത്യ സന്ദർശിക്കാൻ എല്ലാ ഒസിഐ, പിഐഒ കാർഡ് ഉടമകൾക്കും ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു.

ടൂറിസ്റ്റ് വീസ റദ്ദാക്കുന്നതിന് മുമ്പ്, പ്രതിമാസം ഏകദേശം 8 ലക്ഷത്തോളം വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിച്ചിരുന്നു. മറ്റു പല രാജ്യങ്ങളും ടൂറിസ്റ്റ് വീസകൾ നൽകുന്ന പ്രക്രിയ ഇതിനോടകം തന്നെ പുനരാരംഭിച്ചിരുന്നു. വാക്സിൻ പാസ്‌പോർട്ട് നിർദ്ദേശത്തിന് എല്ലാ രാജ്യങ്ങളിൽ നിന്നും ഏകകണ്ഠമായ പിന്തുണ ലഭിക്കാത്തതിനാൽ നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റുകൾ ഇപ്പോഴും രാജ്യാന്തര യാത്രയുടെ മാനദണ്ഡമായി തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.