1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2024

സ്വന്തം ലേഖകൻ: യുകെ, ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അന്തിമ തീരുമാനത്തില്‍ എത്താതെ പിരിഞ്ഞു. 14-ാം വട്ട ചര്‍ച്ചകളിലാണ് കാര്യങ്ങള്‍ കരാറിലേക്ക് എത്താതെ അവസാനിപ്പിച്ചത്. ഇതോടെ കരാറിന്‍റെ ഭാവി തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഉറപ്പായി. വെള്ളിയാഴ്ച രാത്രിയോടെയാണ് ഏറ്റവും ഒടുവിലത്തെ ചര്‍ച്ചകള്‍ യുകെ സർക്കാർ പൂര്‍ത്തിയാക്കിയത്.

പ്രതിനിധികള്‍ രണ്ടാഴ്ചയായി തുടരുന്ന വിശദമായ ചർച്ചകൾക്ക് ഒടുവില്‍ ഫലം കാണാതെ പിരിയുകയായിരുന്നു. ഏറെ നാളായി യുകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ ഇനി ചര്‍ച്ചകള്‍ നടക്കാന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകേണ്ടി വരും. ഇതോടെ കരാർ ചർച്ചകൾ ‘ഫ്രീസറിൽ’ ആയെന്ന് പറയേണ്ടി വരും.

കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ യുകെ ഗവണ്‍മെന്‍റിന്‍റെ മുതിർന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലേക്ക് എത്തിയിരുന്നു. അവസാന നിമിഷം കരാര്‍ ഒപ്പുവെയ്ക്കാമെന്ന പ്രതീക്ഷയിലായിരുന്നു അവർ എത്തിയത്. എന്നാല്‍ ശനിയാഴ്ച ഇന്ത്യയുടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിപ്പ് വന്നത്തോടെയാണ് തുടർ ചര്‍ച്ചകള്‍ നടക്കാതെ പോയത്.

വ്യാപാര കരാർ ചർച്ചകളുടെ ഭാഗമായി ചൊവ്വാഴ്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാകും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലഫോൺ സംഭാഷണം നടത്തിയിരുന്നു. കരാറില്‍ ഒപ്പുവെയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് സംഭാഷണം നടന്നത്. 2022 ജനുവരിയിലാണ് ഇന്ത്യയും യുകെയും വ്യാപാര കരാര്‍ ചര്‍ച്ചകള്‍ തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.