1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2024

സ്വന്തം ലേഖകൻ: യുകെയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷകവിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പിഎച്ച്ഡി വിദ്യാർഥി ചൈസ്ത കൊച്ചാർ (33) ആണ് അപകടത്തില്‍ മരിച്ചത്. ലണ്ടനിലെ വസതിയിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന ചൈസ്ത ട്രക്ക് തട്ടിയാണ് മരിച്ചത്.

കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. നേരത്തെ നിതി ആയോഗില്‍ ഉദ്യോഗസ്ഥയായിരുന്ന ചൈസ്തയുടെ മരണവിവരം നിതി ആയോഗ് മുന്‍ സി.ഇ.ഒ. അമിതാഭ് കാന്ത് ആണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്.

“ചൈസ്ത കൊച്ചാര്‍ നിതി ആയോഗിലെ ലൈഫ് പദ്ധതിയുടെ നഡ്ജ് യൂണിറ്റില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ബിഹേവിയറല്‍ സയന്‍സില്‍ ഗവേഷണം നടത്തിവരികയായിരുന്നു. ലണ്ടനില്‍ സൈക്കിള്‍സവാരിക്കിടെയുണ്ടായ വാഹനാപകടത്തില്‍ അന്തരിച്ചു. അതിസമര്‍ഥയും ധൈര്യവതിയും ഊര്‍ജസ്വലയുമായിരുന്നു ചൈസ്ത. വളരെ നേരത്തേ യാത്രയായി. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു”, അമിതാഭ് കാന്ത് കുറിച്ചു.

മാര്‍ച്ച് 19-ന് മാലിന്യം കൊണ്ടുപോകുന്ന ട്രക്കിടിച്ചായിരുന്നു ചൈസ്തയുടെ അന്ത്യം. അപകടസമയത്ത് ഭര്‍ത്താവ് പ്രശാന്ത്, ചൈസ്തയുടെ തൊട്ടുമുന്നിലായി സഞ്ചരിക്കുന്നുണ്ടായിരുന്നു. അപടകമുണ്ടായ ഉടനേതന്നെ പ്രശാന്ത് അരികിലെത്തിയെങ്കിലും ചൈസ്ത തല്‍ക്ഷണം മരിച്ചിരുന്നു. ചൈസ്തയുടെ ഭൗതികശരീരം ഏറ്റുവാങ്ങാനെത്തിയ വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ കൂടിയായ പിതാവ് എസ്. പി. കൊച്ചാര്‍ ലിങ്ഡ്ഇന്നിലൂടെ ചൈസ്തയുടെ ഓര്‍മകള്‍ പങ്കുവെച്ചു.

ഹരിയാണയിലെ ഗുരുഗ്രാമില്‍ താമസിച്ചിരുന്ന ചൈസ്ത കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലാണ് ഗവേഷണത്തിനായി ലണ്ടനിലേക്ക് പോയത്. ഡല്‍ഹി സര്‍വകാലാശാല, അശോക സര്‍വകലാശാല, പെന്‍സില്‍വാനിയ-ഷിക്കാഗോ സര്‍വകലാശാലകളിലായിരുന്നു ചൈസ്തയുടെ പഠനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.