1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2023

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ജോലി ചെയ്യാനാഗ്രഹിക്കുന്ന വിദേശികൾക്ക് നിർമാണ മേഖലയിൽ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ സർക്കാർ ഒരുങ്ങുന്നതായി സൂചന ബ്രിക്ക്‌ലെയര്‍മാര്‍, റൂഫര്‍മാര്‍, കാർപ്പെന്റർമാർ, പ്ലാസ്റ്റേഴ്സ് തുടങ്ങിയവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന ഇളവുകൾ അടുത്ത ആഴ്ച മുതല്‍ നടപ്പിലാകും. നിര്‍മ്മാണ മേഖലയിലെ കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കാനാണ് ബ്രിട്ടന്റെ നീക്കം.

രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെയാണ് കൂടുതല്‍ വിദേശ തൊഴിലാളികളെ ഇവിടേക്ക് കൊണ്ടു വരാനായി നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുന്നത്. ഇളവുകളുടെ തുടക്കം നിര്‍മാണ മേഖലയിൽ നിന്നാകും ഉണ്ടാവുക. നിർമാണ മേഖലയിലെ നിര്‍ണായക തസ്തികകളെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഇതിനോട് അനുബന്ധിച്ച് ഗവണ്മെന്റ് തയാറെടുക്കുകയാണ്. ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍മാരെയും ലിസ്റ്റിലേക്ക് ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് പ്രകാരം തൊഴിലുടമകള്‍ക്ക് 20,480 പൗണ്ടിന് (മാസം ഏകദേശം 1,70,000 രൂപ) വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവും. നിലവിലെ സ്‌കില്‍ഡ് വര്‍ക്കര്‍ ശമ്പള പരിധി പ്രകാരം ചുരുങ്ങിയത് വാർഷിക ശമ്പളമായി 25,600 പൗണ്ടെങ്കിലും (മാസം ഏകദേശം 2,10,000 രൂപ) നല്‍കിക്കൊണ്ട് മാത്രമേ വിദേശ ജോലിക്കാരെ തൊഴിലുടമകള്‍ക്ക് കൊണ്ടുവരാനാകു എന്നിരിക്കെയാണ് പുതിയ ഇളവുകൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

മൈഗ്രേഷന്‍ അഡ്വസൈറി കമ്മിറ്റിയുടെ ശുപാർശകൾ ഹോം സെക്രട്ടറി സുവല്ല ബ്രാവര്‍മാൻ സ്വീകരിക്കുമെന്നാണ് കരുതുന്നത്. ചാന്‍സലര്‍ ജെറമി ഹണ്ട് പുതിയ ബജറ്റ് അവതരിപ്പിച്ചതിന് ശേഷമായിരിക്കും ശുപാർശകളിൽ നടപടിയുണ്ടാവുകയെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.