1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2024

സ്വന്തം ലേഖകൻ: കുവൈത്തിൽ 3 മാസത്തെ പൊതുമാപ്പിന് ഇന്നു തുടക്കം. നിയമലംഘകരായ 1.2 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് തീരുമാനം. രേഖകൾ കൈവശമുള്ളവർ നേരിട്ട് താമസ കുടിയേറ്റ വകുപ്പിനെ സമീപിച്ചാൽ നടപടി പൂർത്തിയാക്കാം. രേഖകൾ ഇല്ലാത്തവർ അതതു രാജ്യത്തെ എംബസികളിൽ നിന്ന് ഔട്പാസ് ശേഖരിച്ച് താമസ കുടിയേറ്റ വകുപ്പിൽ എത്തണം. ഈ അവസരം പ്രയോജനപ്പെടുത്തി ശിക്ഷ കൂടാതെ രാജ്യം വിടുകയോ പിഴ അടച്ച് താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

പൊതുമാപ്പ് ജൂൺ 17 വരെ നീളുമെങ്കിലും നടപടികൾ പൂർത്തിയാക്കാൻ അവസാന നിമിഷത്തേക്ക് കാത്തിരിക്കരുതെന്നും ഓർമിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് യാത്രാ വിലക്ക് നേരിടുന്നവർക്ക് കേസ് അവസാനിക്കുകയും താമസ കുടിയേറ്റ വിഭാഗത്തിൽനിന്ന് നോ ഒബ്ജക്ഷൻ നേടുകയും ചെയ്താൽ മാത്രമേ പൊതുമാപ്പിൽ രാജ്യം വിടാനാകൂ.

പൊതുമാപ്പിൽ നിയമവിധേയമായി രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ കുവൈത്തിലേക്കു വരാൻ അനുമതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വർഷങ്ങളായി നിയമലംഘകരായി കഴിയുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാടെത്താനുള്ള ഒരുക്കത്തിലാണ്.

പിഴ അടച്ച് പുതിയ വീസയിലേക്ക് മാറാനും അവസരമുണ്ട്. താമസം നിയമവിധേയമാക്കി കുവൈത്തിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് നിയമലംഘനത്തിന്റെ കാലയളവ് അനുസരിച്ച് പരമാവധി 600 ദിനാർ പിഴ അടയ്ക്കേണ്ടിവരും.

പൊതുമാപ്പ് കാലാവധിക്കുശേഷവും രാജ്യത്തു തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ ജൂൺ 18 മുതൽ പരിശോധന ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഏറ്റവും ഒടുവിൽ 2020ലെ പൊതുമാപ്പ് 7181 ഇന്ത്യക്കാർ പ്രയോജനപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.