1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുംബാംഗങ്ങളുടെ സിവില്‍ ഐഡി പുതുക്കല്‍ ഇനി മുതല്‍ വളരെ എളുപ്പം. സര്‍ക്കാര്‍ ഇലക്ട്രോണിക് സേവനങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ സഹല്‍ ആപ്ലിക്കേഷനില്‍ വരുത്തിയ പുതിയ അപ്‌ഡേഷനിലാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കിയത്. കുടുംബനാഥന് കുട്ടികളുടെയും തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളുടെയും സിവില്‍ ഐഡി ഇനി മുതല്‍ വേഗത്തിലും എളുപ്പത്തിലും പുതുക്കാനാവും.

സാഹില്‍ ആപ്ലിക്കേഷന്‍ ഔദ്യോഗിക വക്താവ് യൂസുഫ് കാസിം ആണ് സിവില്‍ ഐഡി റിന്യൂവല്‍ സേവനങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ കൂടുതല്‍ ലളിതമാക്കിയ കാര്യം അറിയിച്ചത്. സഹല്‍ ആപ്പ് തുറന്നാല്‍ കാണുന്ന ഡ്രോപ് ഡൗണ്‍ ലിസ്റ്റിലെ സിവില്‍ നമ്പറുകള്‍ വഴി തങ്ങളുടെ മക്കള്‍, കുടുംബാംഗങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പിലുള്ള ജീവനക്കാര്‍ തുടങ്ങിയവരുടെ സിവില്‍ ഐഡി കാര്‍ഡ് പുതുക്കാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് അധികൃതര്‍.

ഇതിനായി ആദ്യം ആപ്പിലെ സര്‍വീസ് മെനു തെരഞ്ഞെടുത്ത് അതില്‍ കാണുന്ന കാര്‍ഡ് സര്‍വീസസ് എന്ന മെനു സെലക്ട് ചെയ്യണം. ശ്ഷം കാര്‍ഡ് റിന്യൂവല്‍ സര്‍വീസസ് എന്ന മെനു തെരഞ്ഞെടുത്ത് അതില്‍ നിന്ന് ആരുടെ കാര്‍ഡാണോ പുതുക്കേണ്ടത് അവരുടെ കാര്‍ഡ് നമ്പര്‍ തെരഞ്ഞെടുത്ത് എളുപ്പത്തില്‍ പുതുക്കല്‍ നടപടികള്‍ സ്വീകരിക്കാനാവും.

രാജ്യത്ത് സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ സിവില്‍ ഐഡി വകുപ്പുമായി ലിങ്ക് ചെയ്യാന്‍ സഹല്‍ ആപ്പ് വഴി സാധിക്കും. ഫോണ്‍ നമ്പര്‍ മാറുമ്പോള്‍ അവ അപ്‌ഡേറ്റ് ചെയ്യാനും ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. സിവില്‍ ഐഡി നഷ്ടപ്പെട്ടാല്‍ സാഹില്‍ ആപ് വഴി പുതിയതിന് അപേക്ഷിക്കാം.

അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളുടെ ഫോട്ടോ ചേര്‍ക്കാനും ആപ്പില്‍ സംവിധാനമുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനിലാക്കുകയും അത് ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ സഹല്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. 13 സര്‍ക്കാര്‍ ഏജന്‍സികളുടെ നൂറ്റി ഇരുപതിലേറെ സേവനങ്ങള്‍ നിലവില്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.