1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2022

സ്വന്തം ലേഖകൻ: തൊഴിലില്ലായ്മ രൂക്ഷമായ കുവൈത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കണമന്ന് ആവശ്യപ്പെട്ട് എംപിമാര്‍ പാര്‍ലമെന്റില്‍. കുവൈത്ത് പൗരന്‍മാര്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നും സര്‍ക്കാര്‍ ജോലികളില്‍ പുതുതായി പ്രവാസികളെ നിയമിക്കുന്നത് നിര്‍ത്തലാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. നിലവിലെ സ്വദേശിവല്‍ക്കരണ നിയമപ്രകാരം അംഗീകരിക്കപ്പെട്ട ശതമാനത്തില്‍ കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് അവരെ പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുകയും കുവൈത്ത് പൗരന്‍മാര്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്ന് കരട് ബില്ലുകളിന്‍ മേല്‍ നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് എംപിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വീണ്ടും സമര്‍പ്പിക്കുന്നതിനായി ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതിക്ക് തിരികെ നല്‍കിയിരിക്കുകയാണ് കരട് ബില്ലുകള്‍. ശക്തമായ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ബില്ലുകള്‍ എന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, കുവൈത്ത് പൗരന്‍മാര്‍ക്കിടയില്‍ കഴിഞ്ഞ ആറു മാസത്തിനകം തൊഴിലില്ലായ്മാ നിരക്കില്‍ വലിയ വര്‍ധനവുണ്ടായതായി എംപി അബ്ദുല്‍ അസീസ് അല്‍ സഖബി ചൂണ്ടിക്കാട്ടി. ആറു മാസം മുമ്പ് 26 ശതമാനമായിരുന്ന തൊഴില്ലായ്മാ നിരക്ക് 32 ശതമാനമായാണ് ഉയര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിസന്ധി ഇതിന് വലിയ കാരണമായതായാണ് വിലയിരുത്തല്‍. അതേസമയം, സ്വകാര്യ മേഖലയിലെ ജോലികള്‍ ഒഴിവാക്കി സ്വദേശികളില്‍ പലരും സര്‍ക്കാര്‍ മേഖലയിലേക്ക് തിരികെ വരുന്നതായി എംപി ഉസാമ അല്‍ ശഹീന്‍ പറഞ്ഞു. സ്വകാര്യ മേഖലയില്‍ സ്വദേശികളെ പിടിച്ചു നിര്‍ത്താന്‍ ഉതകുന്ന രീതിയിലുള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്തതാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ, സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ട് വരുന്ന പരസ്യങ്ങള്‍ പ്രവാസികളെ ഉദ്ദേശിച്ച് തയ്യാറാക്കുന്നതു പോലെയാണ് പലപ്പോഴും അനുഭവപ്പെടുന്നതെന്ന് മറ്റൊരു എംപി സാലിഹ് അല്‍ മുതൈരി കുറ്റപ്പെടുത്തി. തൊഴില്‍ പരസ്യത്തിലെ നിബന്ധനകള്‍ ആ രീതിയിലുള്ളവയാണ്. പ്രവാസികള്‍ ഒന്നിലേറെ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് അവരെ നിയമം മൂലം തടയണമെന്ന് പാര്‍ലമെന്റംഗ് മുഹമ്മദ് അല്‍ സായറും ആവശ്യപ്പെട്ടു.

അതേസമയം, ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് പിന്‍വാതിലിലൂടെ ജോലി നല്‍കുന്നതായി പാര്‍ലമെന്റ് അംഗം അബ്ദുല്‍ കരീം അല്‍ കുന്തരി കുറ്റപ്പെടുത്തി. ഇത് തടയാന്‍ നടപടകള്‍ ഉണ്ടാവണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പ്രവാസികളെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം മന്ത്രിമാര്‍ക്ക് നല്‍കരുതെന്നും ഇത് കൂടുതല്‍ കുവൈത്ത് പൗരന്‍മാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നതായും അദ്ദേഹം ആരോപിച്ചു.

80 വര്‍ഷത്തിന് ശേഷം ഇപ്പോഴും രാജ്യത്തെ എണ്ണക്കമ്പനികള്‍ പ്രവാസി ജീവനക്കാര്‍ ജോലി ചെയ്യുന്നുവെന്നത് അല്‍ഭുതകരമായ കാര്യമാണ്. വിദേശ ജീവനക്കാര്‍ രാജ്യത്തിന്റെ സമ്പത്ത് ഊറ്റിക്കൊണ്ടുപോവുകയാണെന്നും അതിന് തടയിടാന്‍ ശക്തമായ നിയമനിര്‍മാണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.