1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2021

സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി ജനജീവിതം സാധാരാണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ കുവൈറ്റില്‍ പുരോഗമിക്കുന്നു. കഴിഞ്ഞി ദവസം നടന്ന മന്ത്രിസഭയുടെ സാധാരണ യോഗത്തിലാണ് ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ച പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ നടക്കുന്ന മന്ത്രിസഭയുടെ പ്രത്യേക യോഗത്തില്‍ കൈക്കൊള്ളുമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കോവിഡ് അടിയന്തരങ്ങള്‍ക്കായുള്ള മന്ത്രിതല സുപ്രിം കമ്മിറ്റി തയ്യാറാക്കി സമര്‍പ്പിച്ച ശുപാര്‍ശകളിലാണ് നാളെ ചേരുന്ന പ്രത്യേക യോഗം ചര്‍ച്ച ചെയ്യുക. പൊതു ഇടങ്ങളിള്‍ സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ നല്‍കാനാണ് സുപ്രിം കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതോടൊപ്പം നിബന്ധനകള്‍ക്ക് വിധേമായി വിവാഹ പാര്‍ട്ടികളും മറ്റും അനുവദിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമുണ്ടാകും. പള്ളികളില്‍ മാസ്കും സാമൂഹിക അകലവും പാലിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നതാണ് കമ്മിറ്റിയുടെ മറ്റൊരു നിര്‍ദ്ദേശം. സെമിനാറുകള്‍ പോലുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കാനും നിര്‍ദ്ദേശമുണ്ട്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്നതാണ് കമ്മിറ്റിയുടെ മറ്റൊരു ശുപാര്‍ശ. സര്‍വീസ് നടത്താന്‍ അനുമതിക്കായി അപേക്ഷ നല്‍കിയ എല്ലാ വിമാന കമ്പനികള്‍ക്കും അനുമതി നല്‍കണം. അതോടൊപ്പം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിസ നടപടികള്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കാനും സുപ്രിം കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഈ ഇളവുകള്‍ നടപ്പിലാക്കുന്നതിനുള്ള രീതികള്‍, മാനദണ്ഡങ്ങള്‍, തീയതി തുടങ്ങിയ കാര്യങ്ങളില്‍ നാളേയ്ക്കകം വ്യക്തത വരുത്താന്‍ സുപ്രിം കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയുടെ സാധാരണയോഗം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തുകയും വാക്‌സിനേഷന്‍ ക്യാംപയിന്‍ നല്ല രീതിയില്‍ പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്. രാജ്യത്ത് കോവിഡ് ഐസിയു കേസുകള്‍ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി ആരോഗ്യ മന്ത്രി ശെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു.

കോവിഡ് മരണവും നല്ല രീതിയില്‍ കുറഞ്ഞു. ഇന്നലെ 39 പുതിയ കോവിഡ് കേസുകളാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് ബാധിച്ച 20 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ ഏഴു പേരാണ് ഐസിയുവില്‍. ആകെ 569 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളതെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം അവസാനത്തോടെ രാജ്യത്തെ എല്ലാ ക്വാറന്റൈന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം നേരത്തേ തീരുമാനം എടുത്തിരുന്നു. മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്‍ അന്‍ബാ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെയും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും താമസിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു രാജ്യത്ത് പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. അതോടൊപ്പം, രണ്ട് ആശുപത്രികളൊഴികെ രാജ്യത്തെ കോവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും ആരോഗ്യ മന്ത്രാലയം തീരുമാനം എടുത്തിട്ടുണ്ട്. ജാബിര്‍ ഹോസ്പിറ്റലിലും മിശ്റിഫിലെ ഫീല്‍ഡ് ആശുപത്രിയിലും മാത്രമായിരിക്കും ഇനി കോവിഡ് രോഗികളെ ചികില്‍സിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.