1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2022

സ്വന്തം ലേഖകൻ: പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള കൂടുതല്‍ നടപടികളുമായി കുവൈത്ത്. പുതുതായി രാജ്യത്തേക്ക് തൊഴില്‍ വീസയില്‍ വരുന്നവര്‍ പ്രൊഫഷനല്‍ ടെസ്റ്റ് പാസ്സാവണമെന്നതാണ് പുതിയ നിയമം. തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയരക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്മി അറിയിച്ചതാണ് ഇക്കാര്യം.

മികച്ച പ്രൊഫഷനല്‍ തൊഴിലാളികള്‍ മാത്രമേ പുതുതായി രാജ്യത്തേക്ക് എത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുകയാണ് യോഗ്യതാ പരീക്ഷയുടെ ലക്ഷ്യം. സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഓരോ തൊഴിലിനും അതുമായി ബന്ധപ്പെട്ട മേഖലയില്‍ നൈപണ്യുമുണ്ടോ എന്ന് പരിശോധിക്കുന്നതായിരിക്കും യോഗ്യതാ പരീക്ഷ. പുതുതായി തൊഴില്‍ വീസയില്‍ രാജ്യത്തേക്ക് വരുന്നവരാണെങ്കില്‍ രാജ്യത്ത് എത്തി തൊഴിലില്‍ പ്രവേശിക്കുന്നതിിനും വീസ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും മുമ്പായിരിക്കും ടെസ്റ്റ് നടത്തുക. ടെസ്റ്റില്‍ വിജയിച്ചവര്‍ക്കു മാത്രമേ വിസയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.

അതേസമയം, നിലവില്‍ കുവൈത്തില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ അവര്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോള്‍ ടെസ്റ്റിന് ഹാജരാവാണം. ടെസ്റ്റ് പാസായെങ്കില്‍ മാത്രമേ വീസ പുതുക്കി നല്‍കൂ. അല്ലാത്തവരും നാട്ടിലേക്ക് തിരിച്ചുപോവേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. ഓരോ തൊഴിലിനും ആവശ്യമായ തൊഴില്‍ നൈപുണ്യം ഉള്ളവര്‍ മാത്രമേ കുവൈത്തില്‍ തൊഴില്‍ എടുക്കേണ്ടതുള്ളൂ എന്നതാണ് അധികൃതരുടെ നിലപാട്. അതിനിടെ, ബിരുദ യോഗ്യത ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് നിബന്ധനയില്‍ നിന്ന് വിദേശ അത്‌ലെറ്റുകളെയും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ടെക്‌നിക്കല്‍ സ്റ്റാഫിനെയും ഒഴിവാക്കിയെന്ന വാര്‍ത്ത പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നിഷേധിച്ചു.

അങ്ങനെ ഫീസില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ പ്രത്യേക ഫീസ് നല്‍കണമെന്ന 2022ലെ 156 നമ്പര്‍ നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രൊഫഷനല്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും പരിശീലകര്‍ക്കും നിശ്ചിത അക്കാദമിക യോഗ്യത വേണമെന്ന നിബന്ധനയില്‍ നിന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സ്‌പോര്‍ട്‌സ് അധികൃതരുടെ അംഗീകാരത്തിന് വിധേയമായി ഇളവ് അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.