1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2011

ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികനാളില്‍ അമേരിക്ക വീണ്ടും നടുങ്ങി. ഇത്തവണ പ്രഹരമേറ്റത് ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലാണെന്നുമാത്രം. ടെന്നീസില്‍ അമേരിക്കയുടെ അഭിമാനഗോപുരമായ സെറീന വില്യംസിനെ ഇടിച്ചുനിരത്തി ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസറിന് യുഎസ് ഓപ്പണ്‍ വനിതാകിരീടം. 38 വര്‍ഷത്തിനുശേഷമാണ് ഒരു ഓസ്ട്രേലിയക്കാരി യുഎസ് ഓപ്പണില്‍ വിജയപീഠമേറുന്നത്.

സ്റ്റോസറിന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്. യുഎസ് ഓപ്പണിലെ മൂന്നെണ്ണം ഉള്‍പ്പെടെ 13 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ ഉടമയായ സെറീനയെ നിഷ്കരുണം തോല്‍പ്പിച്ചാണ്ഇരുപത്തേഴുകാരിയായ സാമന്ത കരിയറിലെ ആദ്യ കിരീടം സ്വന്തമാക്കിയത്(6-2, 6-3). കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നതാണ് ഓസ്ട്രേിലയന്‍താരത്തിന്റെ ഇതിനുമുമ്പുള്ള മികച്ച നേട്ടം. സാമന്ത ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ദിനത്തില്‍ മറുവശത്ത് സെറീനയ്ക്കാകട്ടെ തൊട്ടതെല്ലാം പിഴച്ചു.

ചെയര്‍ അമ്പയറോട് മോശമായി സംസാരിച്ചതിന് ഒരു പോയിന്റും പിഴയും സെറീനയ്ക്ക് ഒടുക്കേണ്ടിവന്നു. ലോക ഒന്നാം നമ്പര്‍ കരോലിന്‍ വോസ്നിയാക്കിക്കെതിരായ സെമിഫൈനലില്‍ ഉള്‍പ്പെടെ ഒറ്റ സെറ്റും നഷ്ടപ്പെടാതെ ഫൈനലിലെത്തിയ സെറീനയ്ക്ക് പക്ഷേ, സ്റ്റോസറിന്റെ കൃത്യതയാര്‍ന്ന സര്‍വുകള്‍ക്കും ഫോര്‍ഹാന്‍ഡുകള്‍ക്കും മുന്നില്‍ അടവും ചുവടും പിഴച്ചു. മത്സരത്തിലാകെ രണ്ട് ഇരട്ടപ്പിഴവ് ഉള്‍പ്പെടെ 27 പിഴവുകളാണ് സെറീന വരുത്തിയത്. സാമന്തയാകട്ടെ 13ഉം. എതിരാളിയുടെ സര്‍വീസ് ഭേദിക്കാന്‍ കിട്ടിയ അഞ്ച് അവസരങ്ങളില്‍ ഒന്നു മാത്രമാണ് സെറീനയ്ക്ക് മുതലാക്കാന്‍ കഴിഞ്ഞത്. എതിരാളിയാകട്ടെ ഒമ്പതു അവസരങ്ങളില്‍ അഞ്ചിലും സെറീനയുടെ സര്‍വീസ് തകര്‍ത്തു.

സ്വന്തം പിഴവുകള്‍തന്നെയാണ് ആദ്യസെറ്റില്‍ സെറീനയ്ക്ക് വിനയായത്. ബാക്ക്ഹാന്‍ഡിനുള്ള സെറീനയുടെ ശ്രമം പിഴച്ചപ്പോള്‍ സര്‍വീസ് തകര്‍ത്ത് 2-1ന് മുന്നിലെത്തിയ സാമന്ത ഇതേ രീതിയില്‍തന്നെ ലീഡ് 5-2 ആയി ഉയര്‍ത്തുകയും അനായാസം സെറ്റ് സ്വന്തമാക്കുകയും ചെയ്തു. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍തന്നെ സെറീനയുടെ സര്‍വീസ് സാമന്ത തകര്‍ത്തു. ഇതിനിടെ അമ്പയറുമായി ഉടക്കിയ സെറീനയ്ക്ക് പിന്നീടൊരിക്കലും പന്തിന്‍മേല്‍ ശ്രദ്ധപുലര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ , സാമന്തയാകട്ടെ എതിരാളിയുടെ ആക്രോശങ്ങള്‍ക്കും പോര്‍വിളികള്‍ക്കും ചെവികൊടുക്കാതെ സ്വന്തം ഗെയിംപ്ലാന്‍ ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. രണ്ടാം സെറ്റില്‍ മൂന്നു തവണ സ്റ്റോസര്‍ സര്‍വീസ് ഭേദിച്ചപ്പോള്‍ അതില്‍ രണ്ടും സെറീനയുടെ പിഴവില്‍നിന്നായിരുന്നു.

1973ല്‍ മാര്‍ഗരറ്റ് കോര്‍ട്ടിനുശേഷം ഇതാദ്യമാണ് ഒരു ഓസ്ട്രേലിയക്കാരി യുഎസ് ഓപ്പണില്‍ കിരീടം നേടുന്നത്. മറുവശത്ത് സെറീനയ്ക്ക് കരിയറിലെ നാലാം കിരീടമെന്ന സ്വപ്നമാണ് അവസാനകടമ്പയില്‍ തട്ടി നഷ്ടമായത്. ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പരിക്കിനെയും ഗുരുതരമായ രോഗത്തെയും അതിജീവിച്ച സെറീന കഴിഞ്ഞ വിംബിള്‍ഡണിനു തൊട്ടുമുമ്പുമാത്രമാണ് ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചുവന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.