1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് സെന്‍സസ് 2022മായി ബന്ധപ്പെട്ട വിവര ശേഖരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. മെയ് 15ന് ആരംഭിച്ച വ്യക്തിഗത വിവരശേഖരണ നടപടികള്‍ വ്യാഴാഴ്ചയാണ് വിവര ശേഖരണം പൂര്‍ത്തിയായത്. ആദ്യം ഓണ്‍ലൈന്‍ വഴിയും തുടര്‍ന്ന് ഫീല്‍ഡ് സ്റ്റാഫുകള്‍ മുഖേന നേരിട്ടുമാണ് സെന്‍സസുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തിയത്. ഓണ്‍ലൈന്‍ വഴിയുള്ള ശേഖരണം കഴിഞ്ഞ മാസം അവസാനത്തോടെ അവസാനിച്ചിരുന്നു. നേരിട്ടുള്ള വിവരശേഖരണമാണ് വ്യാഴാഴ്ചയോടെ പൂര്‍ത്തിയായത്.

ശേഖരിച്ച വിവരങ്ങളുടെ അവലോകനമാണ് അടുത്ത ഘട്ടമെന്നും അതോറിറ്റി അറിയിച്ചു. ഇത് കൂടി കഴിയുന്നതോടെ സെന്‍സസ് പ്രക്രിയ പൂര്‍ത്തിയാകും. അന്തിമ റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കും. സെന്‍സസ് വിവരങ്ങളുടെ ഗുണനിലവാരവും കൃത്യതയും ഉറപ്പുവരുത്തുന്നതിനായി പഴുതടച്ച രീതിയിലാണ് ഡാറ്റ അനാലിസിസിന് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്യൂമറേറ്റര്‍മാര്‍ നേരത്തേ ശേഖരിച്ച വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വീട്ടുടമകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അടുത്തേക്ക് നേരിട്ട് ചെന്ന് ഒരിക്കല്‍ കൂടി അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ഈ സൂക്ഷ്മപരിശോധനാ പ്രക്രിയയുമായി എല്ലാവരും സഹകരിക്കമണെന്നും ജനറല്‍ അതോറിറ്റി അറിയിച്ചു.

അതിനിടെ, സെന്‍സസുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ പ്രസിദ്ധീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. സെന്‍സസ് നടപടികളില്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചവര്‍ക്കും സെന്‍സസ് നടപടികള്‍ തടസ്സപ്പെടുത്തിയവര്‍ക്കും എതിരായ നടപടികള്‍ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നിയമപ്രകാരം നിയമം ലംഘിച്ചവര്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്.

സൗദിയുടെ ചരിത്രത്തിലെ അഞ്ചാമത്തെ സെന്‍സസാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തെ ജനസംഖ്യ ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും ജനക്ഷേമ നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനും അടിസ്ഥാന വിവരങ്ങള്‍ അനിവാര്യമാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.