1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2021

സ്വന്തം ലേഖകൻ: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ റസ്തന്നൂറ തുറമുഖത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം. അരാംകോ റസിഡൻഷ്യൽ മേഖലയ്ക്ക് നേരെയാണ് സ്ഫോടനാത്മക മിസൈലുകളുടെ ആക്രമണം. സൗദി ഊർജ മന്ത്രാലയം ആക്രമണത്തെ ശക്തമായി അപലപിച്ചു. ആഗോള ഊർജ വിതരണത്തെ താറുമാറാക്കാനാണ് തീവ്രവാദികൾ ലക്ഷ്യം വെച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ എണ്ണ തുറമുഖങ്ങളിലൊന്നാണ് റസ്തന്നൂറ.

ദഹ്റാനിലെ അരാംകോ താമസ സമുച്ചയം ലോകമെമ്പാടുമുള്ള തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾക്കൊള്ളുന്നു. എന്നാൽ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജിസിസി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്‌റഫ് ആക്രമണത്തെ അപലപിച്ചു.

ഈ ഭീകരാക്രമണങ്ങൾ രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക ശേഷിയെയും മാത്രമല്ല, രാജ്യാന്തര സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും. എണ്ണ വിതരണത്തിന്റെ പ്രധാന കേന്ദ്രത്തെയാണ് ഹൂത്തികൾ ലക്ഷ്യം വയ്ക്കുന്നത്. ആഗോള ഊർജ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയുടെ അഭ്യന്തര സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ രാജ്യത്തിന്റെ എല്ലാ നടപടികളെയും പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു. ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്‌റൈൻ അപലപിച്ചു. രാജ്യാന്തര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും കടുത്ത ലംഘനമാണിതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അറബ് പാർലമെന്റും ആക്രമണത്തെ അപലപിച്ചു.

5 മണിക്കൂറിനിടെ ഹൂതികൾ അയച്ച 10 ഡ്രോണുകൾ കഴിഞ്ഞ ദിവസം അറബ് സഖ്യസേന തകർത്തിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച് ജനവാസ കേന്ദ്രങ്ങൾക്കു നേരെ അയച്ച ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപ് തകർക്കുകയായിരുന്നു. ശനിയാഴ്ച ഖമീസ് മുഷൈത്ത്, ജിസാൻ എന്നിവിടങ്ങളിലേക്കു വന്ന 7 ഡ്രോണുകളും ലക്ഷ്യം കാണും മുമ്പ് തകർക്കാൻ സേനയ്ക്ക് സാധിച്ചു.

യെമനിലെ മാഅരിബില്‍ മേഖലയില്‍ ഹൂതികള്‍ക്കെതിരെ സൈന്യം ആക്രമണം ശക്തമാക്കുകയാണ്. ഇതു കാരണമാണ് സൗദി അറേബ്യക്ക് നേരെയുള്ള ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണം എന്നാണ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പ്രതികരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.