1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഹ്യൂമന്‍ റിസോഴ്സ് (എച്ച്ആര്‍) ജോലികള്‍ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണെന്ന് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം (എംഒഎച്ച്ആര്‍എസ്ഡി) അറിയിച്ചു. ഒരു തൊഴിലന്വേഷകയുടെ ചോദ്യത്തിന് എക്‌സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

സൗദി മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ ബെനിഫിഷ്യറി കെയര്‍ എക്സ് അക്കൗണ്ടിലൂടെയായിരുന്നു അന്വേഷണം. ‘ഞാന്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ അഭിമുഖത്തില്‍ പങ്കെടുത്തു. ജോലിക്കായി എന്നെ ഇന്റര്‍വ്യൂ ചെയ്തത് വിദേശിയായ എച്ച്ആര്‍ മാനേജരാണ്. അദ്ദേഹം ആ തസ്തികയുടെ ചുമതലക്കാരനാണോ അല്ലയോ എന്ന് അറിയാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് തൊഴിലന്വേഷക ചോദിച്ചത്.

ഇതിന് മറുപടിയായി ‘സൗദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളില്‍ ഹ്യൂമന്‍ റിസോഴ്സ് പ്രൊഫഷനുകളും ഉള്‍പ്പെടുന്നു’ എന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ വ്യവസ്ഥയുടെ ലംഘനം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെങ്കില്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് ms.spr.ly/l/6010cSNea എന്ന ലിങ്ക് റിപോര്‍ട്ട് ചെയ്യാവുന്നതാണെന്നും അറിയിച്ചു.

കണ്‍സള്‍ട്ടിങ് രംഗത്തെ ജോലികളില്‍ സൗദിവത്കരണം നടപ്പാക്കുന്നതിന്റെ രണ്ടാം ഘട്ടം കഴിഞ്ഞ തിങ്കളാഴ്ച (2024 മാര്‍ച്ച് 25) പ്രാബല്യത്തില്‍ വന്നിരുന്നു. 40 ശതമാനം സൗദിവത്കരണം ആണ് നടപ്പാക്കേണ്ടത്. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിങ് സ്‌പെഷലിസ്റ്റ്, ബിസിനസ് കണ്‍സള്‍ട്ടിങ് സ്‌പെഷലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടിങ് സ്‌പെഷലിസ്റ്റ്, പ്രോജക്ട് മാനേജ്‌മെന്റ് മാനേജര്‍, പ്രോജക്ട് മാനേജ്‌മെന്റ് എന്‍ജിനീയര്‍, പ്രോജക്ട് മാനേജ്‌മെന്റ് സ്‌പെഷലിസറ്റ് തുടങ്ങിയ മേഖലകളിലാണ് 40 ശതമാനം സൗദി പൗരര്‍മാര്‍ വേണമെന്ന നിബന്ധന നടപ്പാക്കിയത്.

പ്രാരംഭ ഘട്ടം 2023 ഏപ്രിലില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഈ തസ്തികകളിലെ 35 ശതമാനം ജീവനക്കാരും സൗദികളായിരിക്കണമെന്നായിരുന്നു നിബന്ധന. 2024 ജൂലൈ 21 മുതല്‍ 25 ശതമാനം എന്‍ജിനീയറിങ് പ്രൊഫഷനുകളും സ്വദേശിവത്കരിക്കാനുള്ള തീരുമാനം കഴിഞ്ഞ ജനുവരി 21 ഞായറാഴ്ച അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ചുരുങ്ങിയത് അഞ്ച് എന്‍ജിനീയര്‍മാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ബാധകം. സിവില്‍ എന്‍ജിനീയര്‍, ഇന്റീരിയര്‍ ഡിസൈന്‍ എന്‍ജിനീയര്‍, സിറ്റി പ്ലാനിങ് എന്‍ജിനീയര്‍, ആര്‍ക്കിടെക്റ്റ് എന്‍ജിനീയര്‍, മെക്കാനിക്ക് എന്‍ജിനീയര്‍, സര്‍വേയര്‍ എന്‍ജിനീയര്‍ എന്നീ തസ്തികകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

തൊഴില്‍ വിപണി പങ്കാളിത്തവും എന്‍ജിനീയറിങ് പ്രൊഫഷനുകളുടെ സ്‌പെഷ്യലൈസേഷനും വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നതിന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം മേല്‍നോട്ടം വഹിക്കും. തൊഴിലില്ലായ്മ ഏഴ് ശതമാനമായി കുറയ്ക്കുകയും വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുകയും ചെയ്യുകയെന്ന് വിഷന്‍ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.