1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2021

സ്വന്തം ലേഖകൻ: ആരോഗ്യ പ്രവർത്തകർക്ക് മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥകൾ വേണമെന്ന ആവശ്യത്തിന് സ്വിസ്സ് ജനത ഹിതപരിശോധനയിലൂടെ അനുകൂല വിധിയെഴുതി. സർക്കാരും പാർലമെന്റിലെ ജനപ്രതിനിധികളിൽ ഭൂരിപക്ഷവും എതിർത്തിട്ടും, ഒരു പ്രത്യേക തൊഴിൽ മേഖലയിലെ ജീവനക്കാർ രാജ്യവ്യാപകമായി ഹിതപരിശോധനയ്ക്ക് അനുമതി നേടുകയും അതിൽ വിജയിക്കുകയും ചെയ്യുന്നത് ലോക ചരിത്രത്തിൽ ആദ്യമാണ്.

61 ശതമാനം പേരാണ് ഹിതപരിശോധനയിൽ ആരോഗ്യ പ്രവർത്തകരുടെ ആവശ്യത്തെ പിന്തുണച്ചത്. ആരോഗ്യ സംരക്ഷണ മേഖലയിലെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താൻ, രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റം വരുത്തണമെന്നത് ആരോഗ്യ പ്രവർത്തക സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. കോവിഡ് കാലത്ത് ഈ ആവശ്യം ശക്തമായപ്പോൾ, ആരോഗ്യ സംരക്ഷണ തൊഴിൽ മേഖലയിൽ അടുത്ത എട്ടു വർഷത്തിനുള്ളിൽ 1.1 ബില്യൻ ഡോളറിന്റെ ഉത്തേജക പാക്കേജ് നടപ്പാക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചു.

പാർലമെന്റും ഇതിനെ പിന്തുണച്ചെങ്കിലും നഴ്‌സിങ് സംഘടനകൾക്ക് അതു സ്വീകാര്യമായിരുന്നില്ല. തുടർന്ന് രാജ്യവ്യാപകമായി ഒപ്പു ശേഖരിച്ചാണ് അവർ ഹിതപരിശോധനയ്ക്ക് അനുമതി നേടിയത്. സ്വിറ്റ്സർലൻഡിൽ, കഴിഞ്ഞ 130 വർഷത്തിനിടെ 23 പ്രാവശ്യമാണ് ഇത്തരം ജനകീയ മുന്നേറ്റങ്ങൾ അംഗീകാരം നേടിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് രാജ്യവ്യാപകമായി കയ്യടിച്ചു നന്ദി പ്രകടിപ്പിച്ചിരുന്നു. എന്നാൽ കയ്യടി മാത്രം പോരെന്നും മാറ്റങ്ങൾ വേണമെന്നുമുള്ള തൊഴിൽ സംഘടനകളുടെ കൂട്ടായ ആവശ്യമാണ് ഹിതപരിശോധനയിലെത്തിയത്.

സ്വിറ്റ്സർലൻഡിലുള്ള മലയാളി സമൂഹത്തിലെ നല്ലൊരു ഭാഗവും ആരോഗ്യമേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇത്രയേറെ ആവേശത്തോടെ മലയാളികൾ പങ്കാളികളായ മറ്റൊരു ഹിതപരിശോധനയും ഇവിടെ നടന്നിട്ടില്ല. സ്വിസ് ഹെൽത്ത് കെയർ മേഖലയിൽ നിലവിൽ 11,000 ത്തിലധികം ഒഴിവുകളാണുള്ളത്. രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനം സുരക്ഷിതമാക്കാൻ 2029 ഓടെ 70,000 നഴ്‌സുമാരെ കൂടി ആവശ്യമായിവരുമെന്നും തൊഴിലാളി സംഘടനകൾ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.