1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2024

സ്വന്തം ലേഖകൻ: ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും യൂണിവേഴ്‌സിറ്റികൾക്കും നാളെ (തിങ്കളാഴ്ച) ഓൺലൈൻ ക്ലാസുകൾ നടത്താൻ അധികൃതർ അനുമതി നൽകി. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് തീരുമാനം അറിയിച്ചത്.

ശനിയാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടർന്നാണു തീരുമാനം. ഇന്നും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിനെ തുടർന്ന് അധികൃതർ മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമാണിത്. ആകാശം ഭാഗികമായി മേഘാവൃതമായ അവസ്ഥയിൽ ഇന്നു മിക്കവാറും കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) കണക്കാക്കുന്നു.

വിദ്യാർഥികളുടെയും സ്‌കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതാണ് നടപടി. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ജബൽ അലി ഗ്രീൻസ്, അൽഫുർജാൻ, ദുബായ് സ്പോർട്സ് സിറ്റി, ഇന്റർനാഷനൽ സിറ്റി, ജുമൈറ, അൽഖുദ്റ, ബർദുബായ്, കരാമ, ജദ്ദാഫ്, അൽഖൈൽ റോഡ് എന്നീ പ്രദേശങ്ങളിലാണ് കനത്ത മഴ പെയ്തത്.

ഷാർജയിലെ വാദി ഷീസ്, മലീഹ, അൽമജാസ്, അൽനഹ്ദ എന്നിവിടങ്ങളും കനത്ത മഴ പെയ്തു. അബുദാബി നഗരത്തിനു പുറമെ മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഖലീഫ സിറ്റി, മുഷ്റിഫ്, ബനിയാസ്, ഗയാത്തി, അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിലും മഴ പെയ്തു.

ശക്തമായ മഴ കാരണം റോഡുകളിലും മറ്റുമുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ മുനിസിപ്പാലിറ്റി, പൊലീസ് ഉദ്യോഗസ്ഥന്മാരുടെയും ജീവനക്കാരുടെയും കഠിന പ്രയത്നം തുടരുന്നു. റോഡുകളിലും തെരുവുകളിലും പൊതുസ്ഥലങ്ങളിലും മഴവെള്ളം ഒഴുക്കിവിടാൻ ദുബായ് മുനിസിപ്പാലിറ്റി ടാങ്കറുകളും പമ്പുകളും ഇന്നലെ വൈകിട്ടോടെ തന്നെ അയച്ചു. ദുബായ് മുഹൈസിന 4ലെയും മറ്റും മഴവെള്ളം നീക്കുന്ന പ്രവൃത്തി ഇന്നും തുടരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.