1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2024

സ്വന്തം ലേഖകൻ: യുഎഇയില്‍ വേനല്‍ അവധിക്കാലം വരാനിരിക്കെ പ്രവാസികള്‍ക്ക് ആശ്വാസംപകരുന്ന നടപടികളുമായി വിമാന കമ്പനികള്‍. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ച് കൂടുതല്‍ സര്‍വീസിനൊരുങ്ങുകയാണ് വിവിധ എയര്‍ലൈനുകള്‍. ഇന്ത്യയുടെ ബജറ്റ് വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇ-ഇന്ത്യ സെക്ടറില്‍ 24 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു.

യുഎഇയിലെ സ്‌കൂളുകള്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് വേനല്‍ അവധിക്കായി അടച്ചുപൂട്ടുന്നത്. ഈ കാലയളവിലാണ് ഏറ്റവും കൂടുതല്‍ പ്രവാസി കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ മാതൃരാജ്യങ്ങളിലേക്ക് പോകുന്നത്. യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതിനാല്‍ ഈ സീസണില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആവശ്യമായി വരും.

വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ആഴ്ചയില്‍ 24 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാനാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തീരുമാനം.

അബുദാബി, റാസല്‍ഖൈമ, ദുബായ് എന്നിവിടങ്ങളില്‍ നിന്നായിരിക്കും ഇന്ത്യയിലേക്ക് പ്രധാനമായും അധിക സര്‍വീസുകള്‍ ഉള്‍പ്പെടുത്തുക. ഇന്ത്യയില്‍ നിന്നും നിരവധി ടൂറിസ്റ്റുകള്‍ യുഎഇ സന്ദര്‍ശിക്കുന്ന സമയംകൂടിയാണിത് എന്നതിനാല്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇത് ഏറെ പ്രയോജനകരമായിരിക്കും.

ദുബായിലേക്ക് നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികമായി തുടങ്ങുന്നത്. ഇതോടെ ദുബായ് റൂട്ടിലെ പ്രതിവാര എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ എണ്ണം 84 ആയി ഉയരും. 14 സര്‍വീസുകളാണ് പുതിയതായി ഉള്‍പ്പെടുത്തുന്നതോടെ അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിലെ സര്‍വീസുകള്‍ 43 ആയി വര്‍ധിക്കും. റാസല്‍ഖൈമയില്‍ നിന്ന് എല്ലാ ആഴ്ചയിലും ആറ് വിമാനങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തുക. ഇതോടെ ഈ സെക്ടറിലെ പ്രതിവാര സര്‍വീസ് എട്ട് ആയും ഉയരും.

കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, മംഗലാപുരം, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, അയോധ്യ, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ആഭ്യന്തര ഫ്ളൈറ്റ് ഫ്രീക്വന്‍സികള്‍ വര്‍ധിപ്പിക്കാനും എയര്‍ ഇന്ത്യ എക്സ്പ്രസ് ശ്രമംനടത്തുന്നുണ്ട്. കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് യുഎഇ-ഇന്ത്യ സെക്ടറില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുമെന്ന് എയര്‍ ടിക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

2024 വേനല്‍ക്കാലത്ത് യുഎഇക്ക് പുറമേ വിവിധ ഡെസ്റ്റിനേഷനുകളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. പ്രതിദിനം 360ലധികം സര്‍വീസുകളാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ വര്‍ധനയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.