1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2023

സ്വന്തം ലേഖകൻ: രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാവുകയാണെന്ന് യുഎഇ പോലിസ്. രാജ്യത്തിന് പുറത്തു നിന്ന് തട്ടിപ്പുകള്‍ ആസൂത്രണം ചെയ്യുന്ന സംഘത്തെ പിടികൂടുക പോലും പ്രയാസമാണെന്നും തട്ടിപ്പിന് ഇരയാവാതെ നോക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും പോലിസ് മുന്നറിയിപ്പു നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ രീതികളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. പോലിസും സിഐഡിയും ചമഞ്ഞുള്ള തട്ടിപ്പുകള്‍ മുതല്‍ കൊറിയര്‍ കമ്പനിയില്‍ നിന്നുള്ള സന്ദേശത്തിന്റെ മാതൃകയില്‍ വരെ തട്ടിപ്പുകള്‍ നടന്നുവരികയാണ്.

ഇവയ്‌ക്കെതിരേ ജനങ്ങള്‍ തികഞ്ഞ ജാഗ്രത പാലിക്കണം. തട്ടിപ്പുകളെ കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് സംഭവങ്ങളുടെയും ഇരകളുടെയും എണ്ണം കുറയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗമെന്ന് ദുബായ് പ്രോസിക്യൂഷന്‍ ബര്‍ ദുബായ് ഡിവിഷനിലെ ചീഫ് പ്രോസിക്യൂട്ടര്‍ യൂസിഫ് അല്‍ അലി പറഞ്ഞു. കഴിഞ്ഞ വര്‍ഷം വീസ, ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം എന്നിവ നടത്തിയ ഒരു സര്‍വേയില്‍ എമിറേറ്റ്സിലെ മൂന്നിലൊന്ന് ഉപഭോക്താക്കളും തട്ടിപ്പുകള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നതായി കണ്ടെത്തി.

യുഎഇയില്‍, സൈബര്‍ തട്ടിപ്പുകള്‍ വഴി പ്രതിവര്‍ഷം 746 മില്യണ്‍ ഡോളറാണ് ആളുകള്‍ക്ക് നഷ്ടമാവുന്നത്. 166,000-ത്തിലധികം പേരാണ് ഓരോ വര്‍ഷവും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരകളാവുന്നതെന്നും ബ്രിട്ടീഷ് ഉപഭോക്തൃ നിരീക്ഷണ സ്ഥാപനമായ കമ്പാരിടെക്ക് നടത്തിയ പഠനത്തില്‍ വ്യക്തമായി. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം കുറ്റകൃത്യങ്ങളില്‍ കുത്തനെ വര്‍ദ്ധനവുണ്ടായി.

ഒരു കൊറിയന്‍ കമ്പനിയുടെ ദുബായ് ഓഫീസിലെ ഇന്ത്യക്കാരനായ ഫിനാന്‍ഷ്യല്‍ മാനേജര്‍ ഇമ്മാനുവല്‍ തോമസിന് 2022ല്‍ ഒരു തട്ടിപ്പിനിരയായി 22,000 ദിര്‍ഹമാണ് നഷ്ടപ്പെട്ടത്. ദുബായ് പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഇമ്മാനുവലിന്റെ ഫോണിലേക്ക് വിളി വന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. യുഎഇയുടെ അല്‍ ഹുസ്ന്‍ കോവിഡ്-19 ആപ്പിലേക്ക് ഇദ്ദേഹം അപ്ലോഡ് ചെയ്ത രേഖകള്‍ വ്യാജമാണെന്ന് പറഞ്ഞായിരുന്നു ഫോണ്‍ കോള്‍.

ഇതിന് ഫൈന്‍ അടച്ചില്ലെങ്കില്‍ 10 ദിവസത്തിനുള്ളില്‍ നാടുകടത്തുമെന്നായിരുന്നു ഭീഷണി. പെട്ടെന്നുള്ള വെപ്രാളത്തില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും എന്തിന്, മൊബൈലില്‍ വന്ന ഒടിപി പോലും ഇദ്ദേഹം തട്ടിപ്പുകാരുമായി പങ്കിട്ടു.

പോലിസ് ഓഫീസര്‍ എന്നു പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ തന്റെ എമിറേറ്റ്സ് ഐഡി നമ്പര്‍ വായിച്ചു കേള്‍പ്പിക്കുകയും നാട്ടില്‍ നിന്ന് യുഎഇയില്‍ വിസിറ്റ് വീസയിലെത്തിയ മകളുടെ കാര്യത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തതോടെയാണ് വിളിക്കുന്നയാള്‍ യഥാര്‍ഥ പോലിസാണെന്ന തോന്നല്‍ ഇയാളിലുണ്ടായത്. ഒരു തട്ടിപ്പുകാരനാണെങ്കില്‍ ഈ വിവരങ്ങള്‍ എങ്ങനെ ലഭിക്കുമെന്നതായിരുന്നു ഇയാളുടെ ചിന്ത.

അതുകൊണ്ടുതന്നെ കൂടുതല്‍ ചിന്തിക്കാതെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങളും മൊബൈലില്‍ വന്ന ഒടിപികള്‍ പോലും ഇയാള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ പ്രവാസി തയ്യാറാവുകയായിരുന്നു. എന്നാല്‍ ഒടിപി കൈമാറി നിമിഷങ്ങള്‍ക്കകം തന്റെ അക്കൗണ്ടില്‍ നിന്ന് 22,000 ദിര്‍ഹം പിന്‍വലിക്കപ്പെട്ടതായി ഇയാള്‍ക്ക് ബോധ്യമാവുകയായിരുന്നു.

വിളിച്ചയാള്‍ തന്നെ ശല്യപ്പെടുത്തുന്നത് തുടര്‍ന്നുവെന്നും ഭാര്യയുടെ അക്കൗണ്ട് വിശദാംശങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കോളേജില്‍ പോകുന്ന മകന്‍ അയാളുമായി സംസാരിച്ചു. അവരാണ് താന്‍ പറ്റിക്കപ്പെട്ടുവെന്ന കാര്യം പറഞ്ഞത്. ഇതേക്കുറിച്ച് പോലീസില്‍ പരാതി നല്‍കുകയും ബാങ്കില്‍ വിവരം അറിയിക്കുകയും ചെയ്തുവെങ്കിലും നഷ്ടമായ പണം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ രഹസ്യ നമ്പറുകളും അക്കൗണ്ട് വിവരങ്ങളും ഒരാളുമായും ഷെയര്‍ ചെയ്യരുതെന്ന് പോലിസ് അറിയിച്ചു. പോലിസ് ഉദ്യോഗസ്ഥരോ ബാങ്ക് ഉദ്യോഗസ്ഥരോ ഇത്തരം വിവരങ്ങള്‍ ഒരിക്കലും ആവശ്യപ്പെടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇലക്ട്രോണിക് സാധനങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന ദുബായ് നിവാസിയായ അങ്കിതിന് രണ്ടാഴ്ച മുമ്പ് ഒരു ക്രിപ്റ്റോകറന്‍സി തട്ടിപ്പില്‍ നഷ്ടപ്പെട്ടത് ഒരു ലക്ഷം ദിര്‍ഹമാണ്.

യുഎസ്ഡിടി വഴി ഒരു അസറ്റ് അടിസ്ഥാനമാക്കിയുള്ള ക്രിപ്റ്റോകറന്‍സി സ്റ്റേബിള്‍ കോയിന്‍ ദിര്‍ഹമാക്കി മാറ്റാനുള്ള ശ്രമത്തിനിടയിലാണ് വ്യാപാരി തട്ടിപ്പിന് ഇരയായത്. ടെലിഗ്രാം ആപ്പ് വഴി ഒരു ഏജന്റിനെ കണ്ടെത്തുകയും അയാളുടെ ഇടനിലക്കാരനെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. ചെറിയ ഇടപാടുകള്‍ നടത്തി പരീക്ഷണം നടത്തിയപ്പോഴും സംശയമൊന്നും തോന്നിയില്ല. തുടര്‍ന്നാണ് ഒരു ലക്ഷം ദിര്‍ഹം മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി ദിര്‍ഹമാക്കാന്‍ കൈമാറിയത്. ആ സമയം മുതല്‍ ഏജന്റിന്റെ ടെലഫോണ്‍ സ്വിച്ച് ഓഫാണെന്ന് അങ്കിത് പറഞ്ഞു. അതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതായി വ്യവസായിക്ക് മനസ്സിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.