1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2024

സ്വന്തം ലേഖകൻ: ജിഹാദി വധുക്കളാവാന്‍ ഐഎസ് പാളയത്തിലേക്ക് പോയി സിറിയയില്‍ അകപ്പെട്ട ബ്രിട്ടീഷ് വനിതകളുടെ എണ്ണം വിചാരിച്ചതിലും വളരെ കൂടുതല്‍. ജിഹാദി വധു ഷമീമാ ബീഗത്തിന് പിന്നാലെ യുകെയിലെത്തി സര്‍ജറി ചെയ്യാന്‍ അനുമതി തേടി മുന്‍ അധ്യാപിക കൂടി രംഗത്തെത്തി.

ഇപ്പോള്‍ യുകെയിലേക്ക് മടങ്ങിയെത്താന്‍ കണ്ണീരോടെ കാലുപിടിക്കുകയാണ് മറ്റൊരു ബ്രിട്ടീഷ് ജിഹാദി. ഇവരുടെ ബാരിസ്റ്ററായ ഭര്‍ത്താവും മടങ്ങിവരാന്‍ അനുവദിക്കണമെന്ന് കാലുപിടിക്കുന്നു. ക്യാംപില്‍ കഴിയുന്ന സ്ത്രീകളുടെ ബ്രിട്ടീഷ് പൗരത്വം യുകെ ഗവണ്‍മെന്റ് റദ്ദാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷയെ കുറിച്ച് ആശങ്കയുള്ളതിനാല്‍ ഇവരെ സിറിയയില്‍ നിന്നും മടക്കിക്കൊണ്ടുവരാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നില്ല.

ഇറാഖിലും, സിറിയയിലും ഇസ്ലാമിക തീവ്രവാദത്തിനായി ഇറങ്ങിത്തിരിച്ച ബ്രിട്ടീഷ് വനിതകളുടെ എണ്ണം മുന്‍പ് കരുതിയതിലും കൂടുതലെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിറിയയിലെ തടങ്കല്‍ ക്യാമ്പുകളില്‍ കഴിയുന്ന 19 ബ്രിട്ടീഷ് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് ജിഹാദി വധു ഷമീമാ ബീഗമെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് വനിതകള്‍ക്കും, കുട്ടികള്‍ക്കുമായുള്ള അല്‍-റോജ് ക്യാംപില്‍ 19 ബ്രിട്ടീഷ് സ്ത്രീകളും, 35 കുട്ടികളും താമസിക്കുന്നതായി ഇവിടുത്തെ കമ്മാന്‍ഡര്‍ മെയിലിനോട് പറഞ്ഞു. ഇതാദ്യമായാണ് ഏകദേശം കൃത്യമായ ഒരു കണക്ക് പുറത്തുവരുന്നത്. ഇതോടെ മുന്‍പ് കണക്കാക്കിയതിലും ഏറെ പേര്‍ സിറിയയിലെ ക്യാമ്പില്‍ കഴിയുന്നതായി സ്ഥിരീകരിച്ചു.

ബ്രിട്ടീഷ് ഗവണ്‍മെന്റ് തങ്ങളുടെ പൗരന്‍മാരെ തിരികെ കൊണ്ടുപോയി ബ്രിട്ടനില്‍ വിചാരണ നടത്തണമെന്ന് ക്യാമ്പ് നടത്തുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് അധികൃതര്‍ ആവശ്യപ്പെടുന്നു. ക്യാമ്പിലെ ഇവരുടെ സാന്നിധ്യം മറ്റുള്ളവര്‍ക്കും അപകടമാണ്, കമ്മാന്‍ഡര്‍ പറഞ്ഞു.

‘അമ്മമാര്‍ കുട്ടികളില്‍ തീവ്രവാദ ആശയങ്ങള്‍ നിറയ്ക്കുകയാണ്, പലരും കുട്ടികളെ സ്‌കൂളില്‍ വിടുന്നില്ല. വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമങ്ങളും തിരിച്ചടിക്കുന്നു. അമ്മമാര്‍ മക്കളെ ശരിയത്ത് കോഴ്‌സുകളിലേക്കാണ് അയയ്ക്കുന്നത്’, അധികൃതര്‍ വെളിപ്പെടുത്തി. എന്നാല്‍ ജിഹാദി വധുക്കളെ രാജ്യത്തേക്ക് തിരികെ പ്രവേശിപ്പിക്കുന്നതിനെ ബ്രിട്ടീഷ് സര്‍ക്കാരും വിവിധ കക്ഷികളും ശക്തമായി എതിര്‍ക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.