1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2024

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങിയിറങ്ങുകയാണ് റോഡ് അഥോറിറ്റി. മോട്ടോര്‍വേകളില്‍ മിഡില്‍ ലൈനില്‍ കൂടി വാഹനമോടിക്കുന്നതിനെതിരെയാണ് ഇപ്പോള്‍ അഥോറിറ്റി പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്. ചുരുങ്ങിയത് 32 ശതമാനം ഡ്രൈവര്‍മാരെങ്കിലും ഇടയ്ക്കിടെ മിഡില്‍ ലൈനിനെ സ്പര്‍ശിച്ച് വാഹനമോടിക്കാറുണ്ടെന്നാണ് ഒരു സര്‍വ്വേഫലം വെളിപ്പെടുത്തിയത്. 5 ശതമാനം പേര്‍ എപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്. നാഷണല്‍ ഹൈവേസ് നടത്തിയ ഒരു സര്‍വ്വേയിലാണ് ഇത് തെളിഞ്ഞത്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ അഞ്ചില്‍ ഒന്നിലധികം പേര്‍ പറഞ്ഞത് തങ്ങള്‍ മുന്‍പില്‍ പോകുന്ന വാഹനത്തിന്റെ തൊട്ടു പിന്നാലെ വാഹനമോടിക്കാറുണ്ട് എന്നാണ്. ഈ ഡ്രൈവിംഗ് സ്വഭാവത്തിനെതിരെയും റോഡ് അഥോറിറ്റി രംഗത്തിറങ്ങിയിട്ടുണ്ട്. മോട്ടോര്‍വേകളിലും ഡ്യൂവല്‍ ക്യാരേജ് വേകളിലും ഡ്രൈവര്‍മാര്‍ ഇടത്തെ ലെയ്നില്‍ വാഹനമോടിക്കണം എന്നാണ് ഹൈവേ കോഡ് അനുശാസിക്കുന്നത്. മറ്റു വാഹനങ്ങളെ മറികടക്കാന്‍ മാത്രമെ റൈറ്റ് ലെയ്ന്‍ ഉപയോഗിക്കാവു എന്ന് ഹൈവേ കോഡില്‍ പറയുന്നു. അതുപോലെ മുന്‍പിലത്തെ വാഹനവുമായി ചുരുങ്ങിയത് രണ്ട് സെക്കന്റ് അകലമെങ്കിലും പാലിക്കണം എന്നും ഹൈവേ കോഡില്‍ പറയുന്നു.

ഈ നിയമം ലംഘിച്ചാല്‍ അശ്രദ്ധമായ ഡ്രൈവിംഗിന് പ്രോസിക്യുട്ട് ചെയ്യപ്പെടാം. അതോടൊപ്പം 100 പൗണ്ടിന്റെ തത്സമയ പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകളും ലഭിക്കും. വാഹനമോടിക്കുന്നവര്‍ക്ക്, അവരുടെ ഡ്രൈവിംഗ് സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനുള്ള പ്രചോദനം നല്‍കുകയും അതുവഴി റോഡ് ഉപയോഗത്തില്‍ മൊത്തത്തില്‍ പോസിറ്റീവ് ആയ മാറ്റം കൊണ്ടുവരികയുമാണ് ഈ കാമ്പെയിനിന്റെ ഉദ്ദേശ്യം എന്ന് നാഷണല്‍ ഹൈവേസ് റോഡ് സേഫ്റ്റി ഡയറക്ടര്‍ ഷീന ഹേഗ് പറഞ്ഞു.

മിഡില്‍ ലെയ്നില്‍ സ്പര്‍ശിച്ച് വാഹനമോടിക്കുന്നതും, മറ്റ് വാഹനങ്ങളുടെ തൊട്ടു പിന്നാലെ പായുന്നതും കേവലം ശല്യമുണ്ടാക്കുന്ന പ്രവൃത്തി മാത്രമല്ല, ജീവന്‍ അപകടത്തിലായേക്കാവുന്ന ഗുരുതരമായ പിഴവാണെന്ന് ആര്‍ ഏ സി റോഡ് സേഫ്റ്റി വക്താവ് റോഡ് ഡെന്നിസ് പറയുന്നു. മര്യാദക്ക് വാഹനമോടിക്കുക എന്നത് ആരെങ്കിലും ദയാപൂര്‍വ്വം ചെയ്യുന്ന കാര്യമല്ലെന്നും, മറിച്ച് സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പു വരുത്തുന്ന ഒന്നാണെന്നും എ എ പ്രസിഡണ്ട് എഡ്മണ്ട് കിംഗും പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.