1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2015

അജിമോന്‍ ഇടക്കര: ഇന്ന് ഫോബ്മ കലോത്സവത്തിനു തിരി തെളിയുന്നു , പ്രതികൂല കാലാവസ്ഥയിലും ആവേശത്തേരിലേറി സഹൃദയര്‍ ബര്‍മിങ്ങ്ഹാമിലേക്കു, ഈ വര്‍ഷത്തെ സുവര്‍ണ്ണ പതക്ക ജേതാക്കള്‍ ആരാണെന്നറിയാനുള്ള ആകാംഷയില്‍ യൂക്കെ മലയാളികള്‍.

ഫോബ്മ കലോത്സവത്തിനു ഇന്ന് രാവിലെ 10 മണിക്ക് ബര്‍മിംഗ്ഹാം അടുത്തുള്ള വോള്‍വര്‍ ഹാമ്പ്റ്റണിലെ യൂക്കെ കെ സി എ ഹാളില്‍ കലാസ്വാദകരെ സാക്ഷി നിര്‍ത്തി തിരി തെളിയും. അഞ്ചു വയസ്സ് മുതല്‍ മുകളിലേക്കുള്ള കുട്ടികളും മുതിര്‍ന്നവരും വിവിധ വിഭാഗങ്ങളിലായി മുപ്പത്തി അഞ്ചോളം ഇനങ്ങളില്‍ ആണ് മത്സരിക്കുന്നത്. സ്ത്രീ പുരുഷ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന രണ്ടു പേരെ കാത്തിരിക്കുന്നത് 24 കാരറ്റ് സ്വര്‍ണ്ണ നാണയങ്ങള്‍ ആണു. ഫോബ്മയുടെ ആദ്യ കലോത്സവത്തില്‍ തന്നെ കലാ പ്രതിഭക്കും കലാതിലകത്തിനും ട്രോഫികളോടൊപ്പം ഒരോ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചു കൊണ്ടു സംഘാടക രംഗത്ത് പുതിയൊരു ചരിത്രം തന്നെ ഫോബ്മ സൃഷ്ടിച്ചിരുന്നു. വിജയികള്‍ക്കെല്ലാം കാഷ് അവാര്‍ഡും മെഡലും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും . വൈകുന്നേരം ആറു മണിക്ക് നടക്കുന്ന പൊതു യോഗത്തിലും അവാര്‍ഡ് ദാന ചടങ്ങിലും മലയാള സിനിമയിലെ നിത്യ ഹരിത പ്രണയ നായകനായിരുന്ന ശങ്കര്‍, പത്‌നി ചിത്രാ ലക്ഷ്മി ടീച്ചര്‍ , കുറഞ്ഞ കാലം കൊണ്ടു ബ്രിട്ടീഷ് രാഷ്ട്രീയ നഭസ്സില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച, പ്രവാസി മലയാളികള്‍ക്കെല്ലാം അഭിമാനമായ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് എന്നിവരായിരിക്കും മുഖ്യാതിഥികള്‍.

രാവിലെ 9 മണിക്കു തന്നെ ചെസ്റ്റ് നമ്പര്‍ വിതരണം ആരംഭിക്കുമെന്ന് കലോത്സവം കണ്‍ വീനര്‍ രശ്മി പ്രകാശ് അറിയിച്ചു. ജനറല്‍ കണ്‍ വീനര്‍ തോമസ് കാച്ചപ്പള്ളിയുടെ നേതൃത്വത്തില്‍ സ്‌റ്റെജുകളുടേ നിര്‍മ്മാണവും ക്രമീകരണങ്ങളും ഇന്നലെ രാത്രി തന്നെ പൂര്‍ത്തിയാക്കി. രുചികരമായ പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ മിതമായ നിരക്കില്‍ യൂക്കെയിലെ ഏറ്റവും പ്രശസ്ത പാചക വിദഗ്ധന്‍ ആയ ഷെഫ് വിജയ് യുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ടു. വിശാലമായ കാര്‍ പാര്‍ക്ക് സൌകര്യവും ഗ്രീന്‍ റൂമുകളും മറ്റ് അനുബന്ധ സൌകര്യങ്ങളും സംഘാടകര്‍ അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്ഷത്തെ പോലെ തന്നെ തികച്ചും ശാന്തവും ആരോഗ്യ പരവും സൌഹൃദപരവുമായ ഒരു അന്തരീക്ഷത്തില്‍ ആയിരിക്കും മത്സരങ്ങള്‍ നടക്കുക. മത്സരാര്‍ത്ഥിയുടെ വേദിയിലെ പ്രകടനം മാത്രമാകും വിധി നിര്‍ണ്ണയത്തിനു അടിസ്ഥാനം. അതാത് മേഖലകളില്‍ കഴിവും പ്രതിഭയും തെളിയിച്ച നാട്യ ഗുരുക്കള്‍ അടക്കമുള്ള ഇരുത്തം വന്ന കലാകാരന്മാരാണ് വിധി കര്‍ത്താക്കളായി വേദിയില്‍ ഉണ്ടാവുക. ഫലങ്ങളില്‍ യാതൊരു തിരിമറികളും ഇല്ലാതെ അപ്പപ്പോള്‍ പ്രഖ്യാപിക്കുന്ന പതിവ് ഇത്തവണയും ഫോബ്മ തുടരും. കാണികള്‍ക്ക് മത്സര വേദികളിലേയ്ക്കും തുടര്‍ന്നു നടക്കുന്ന വര്‍ണ്ണാഭമായ പൊതുയോഗത്തിലേയ്ക്കും സമ്മാനദാന ചടങ്ങുകളിലേയ്ക്കും ഉള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

എന്നും പുതുമകള്‍ വിജയകരമായി അവതരിപ്പിക്കുന്ന ഫോബ്മ ഇത്തവണ അവതരണ ഗാനത്തിനൊപ്പം പ്രത്യേക തീം സോങ്ങ് കൂടി പുരത്തിറക്കിയിട്ടുണ്ടു. ഫോബ്മ കലോത്സവത്തിന് വേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തിയതാണ് അവതരണ ഗാനവും തീം സോങ്ങും . അവതരണഗാനം തന്റെ വശ്യ സുന്ദര ആലാപനത്തിലൂടെ കര്‍ണ്ണാനന്ദകരമാക്കിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ മകനും പ്രശസ്ത പിന്നണി ഗായകനും ആയ വിജയ് യേശുദാസ് ആണു. ഫോബ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ ഡോ. ജോജി കുര്യാക്കോസിന്റെ ഹൃദ്യമായ വരികള്‍ അവതരണഗാനത്തിനു ചാരുത പകര്‍ന്നപ്പോള്‍ ഫോബ്മ കലാ സാഹിത്യവിഭാഗം കോര്‍ഡിനേറ്ററും കലോസവ കണ്‍ വീനറും ആയ രശ്മി പ്രകാശ് ആണ് ഫോബ്മ കലോത്സവത്തിന്റെ തീം സോങ്ങിനു വരികള്‍ എഴുതിയിരിക്കുന്നത്. കവയത്രി, റേഡിയോ അവതാരക എന്നീ നിലകളില്‍ മലയാളികളുടെ ഇടയില്‍ പ്രശസ്ത ആണ് രശ്മി പ്രകാശ്. മുവാറ്റുപുഴ ത്യാഗ രാജ സംഗീത കലാലയത്തിലെ എന്‍ പ്രസാദ് ആണ് രണ്ടു ഗാനങ്ങള്‍ക്കും, മനം മയക്കുന്ന സംഗീതം നല്കിയിരിക്കുന്നത്. പ്രശസ്ത പുല്ലാംകുഴല്‍ വാദകനായ ചോറ്റാനിക്കര വിജയകുമാര്‍, തബലിസ്റ്റ് സാജു കോട്ടയം , ഗായകരായ ചോറ്റാനിക്കര അജയ കുമാര്‍, രേഖ സൈലേഷ്, രമ്യ കിഷോര്‍ എന്നിവരും അവതരണ ഗാനത്തിന്റെയും തീം സോങ്ങിന്റേയും പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ചിലരാണ്.

ഫോബ്മ കലോത്സവം 2015 തീം സോങ്ങിന്റെ വീഡിയോ ആവിഷക്കാരം കാണുവാന്‍ ഇവിടെ ക്ലിക്ക്

youtu.be/1f7dbA6Rm4g

വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന കലോത്സവ അവതരണഗാനം കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://soundcloud.com/ranimol958016537/manamunarnnufobma

ഫോബ്മ കലണ്ടര്‍ 2016 ന്റെ പ്രകാശനവും വിതരണവും കലോത്സവ വേദിയില്‍ വച്ചു തന്നെ നടത്തുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ അതെ മാതൃകയില്‍ മേല്‍ത്തരം പേപ്പറില്‍ അച്ചടിച്ച വലിയ മള്‍ട്ടി കളര്‍ കലണ്ടറുകളാണു ഇത്തവണയും ഫോബ്മ പുറത്തിറക്കിയിരിക്കുന്നത്. നാട്ടിലേയും ഇവിടുത്തേയും അവധി ദിവസങ്ങളും നോട്ടുകള്‍ കുറിക്കുവാന്‍ പ്രത്യേക സ്ഥലവും വലിയ കളങ്ങളും ഒക്കെ ആയി ഓരോ കുടുംബത്തിനും തികച്ചും ഉപകാരപ്രദമായ കലണ്ടറുകള്‍ സൌജന്യമായാണ് വിതരണം ചെയ്യുക. ഇന്‍ഷുറന്‍സ്, മോര്‍ട്ട് ഗേജ് രംഗത്തെ അതികായകരും യൂക്കെ മലയാളികള്‍ക്ക് സുപരിചിതരും ആയ അലൈഡ് ഫിനാന്‍സ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മണി ട്രാന്‍സ്ഫര്‍ , ട്രാവല്‍ തുടങ്ങിയ മേഖലകളില്‍ വിശ്വസ്ത സേവനം നല്കുന്ന മുത്തൂറ്റ് ഗ്രൂപ്പ്, പ്രദേശികവും കൊറിയര്‍ സര്‍വ്വീസുകളും രാജ്യാന്തര കൊറിയര്‍ സര്‍വ്വീസ്സുകളും കൃത്യ നിഷ്ടയോടെ ചെയ്തു കൊടുക്കുന്ന സീറ്റ ലണ്ടന്‍ ലിമിറ്റഡ് എന്നിവരാണ് ഫോബ്മ കലോത്സവം 2015 ന്റെ പ്രധാന പ്രായോജകര്‍. നാട്ടിലും യൂക്കെയിലും മികച്ച ബാങ്കിംഗ് സേവനങ്ങള്‍ നല്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് എടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് കലോത്സവ വേദിയില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. തിരിച്ചറിയല്‍ രേഖയുടെയും അഡ്രസ്സു പ്രൂഫിന്റെയും കോപ്പി കൊണ്ടു വന്നാല്‍ മാത്രം മതിയാകും.

ഫോബ്മ കലോത്സവ വേദികള്‍ക്കു ഈ വര്‍ഷം ശബ്ദവും വെളിച്ചവും നല്കുന്നത് യൂക്കെയിലെ തന്നെ ഏറ്റവും സുസജ്ജമായ സൌണ്ട് സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും ഉള്ള ഗായകനും സൌണ്ട് എഞ്ജിനീയറും ആയ സിനോയുടെ ശ്രുതി സൌണ്ട്‌സ് ആന്‍ഡ് ലൈറ്റ്‌സ് ആണ്. ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയില്‍ താമസിക്കുന്ന, സ്വന്തം പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും സ്വതന്ത്രമായി പങ്കെടുക്കുവാന്‍ സാധിക്കുന്ന കലാ മാമാങ്കമാണ് ഫോബ്മ കലോത്സവം. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മതമോ രാഷ്ട്രീയമോ ഏതെങ്കിലും സംഘടനയിലെ അംഗത്വമോ മാനദണ്ഡം ആക്കാതെ പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ആണു ഫോബ്മ കലോത്സവം ഈ വര്‍ഷവും വിഭാവനം ചെയ്തിരിക്കുന്നത്. കലയ്ക്കും കലാകാരന്മാര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ ഉത്തമ പ്രകടനങ്ങള്‍ പുറത്തെടുക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ഫോബ്മ കലോത്സവത്തിന്റെ ലക്ഷ്യം. യാതൊരു തിരി മറികള്‍ക്കും ഇട കൊടുക്കാതെ വേദികളില്‍ ഉടനുടന്‍ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന പതിവ് കഴിഞ്ഞ കലോല്‍സവത്തിലൂടെ യൂകെ മലയാളികള്‍ക്ക് ആദ്യമായി പരിചയപെടുത്തി വിശ്വാസ്യതയും കയ്യടിയും നേടിയ ഫോബ്മ, ഇത്തവണയും പങ്കെടുക്കുന്നവര്‍ക്കും സംഘാടകര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയില്‍ സുതാര്യമായ കുറ്റമറ്റ വേദികള്‍ ആണു ഒരുക്കുന്നത്. സംഘടന അംഗത്വം ഇല്ലാത്തത് കൊണ്ടു മാത്രം സ്വന്തം പ്രതിഭ തെളിയിക്കുവാന്‍ വേദി ലഭിക്കാതെ പോകുന്നവര്‍ക്കുള്ള ഒരു അസുലഭ അവസരമാണ് ഫോബ്മ കലോത്സവം. ഇതര സമാനസംഘടനകളില്‍ നിന്നും വ്യത്യസ്തമായി കുറ്റമറ്റ വിധിനിര്‍ണ്ണയവും കൃത്യനിഷ്ഠയും സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കമുള്ള ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഒക്കെ ആയി ഫോബ്മ കലോത്സവം കലാ ഹൃദയങ്ങള്‍ക്ക് ഒരു പുതു പുത്തന്‍ അനുഭവം ആയിരുന്നു കഴിഞ്ഞ വര്‍ഷം പകര്‍ന്നുനല്കിയത്

കലോത്സവ വേദിയുടെ വിലാസവും സമയവും

യൂക്കെ കെ സി എ ഹാള്‍, വുഡ് ക്രോസ് ലൈന്‍, ബിള്‍സ്റ്റണ്‍, വോള്‍വര്‍ ഹാമ്പ്റ്റണ്‍ ,WV14 9BW on Saturday 28th November 2015 from 10 A M

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.