1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2016

സുജു ജോസഫ്: ആസന്നമായ തിരഞ്ഞെടുപ്പ് ചൂടില്‍ കേരളം ഉരുകിയൊലിക്കുമ്പോള്‍ പ്രവാസി മലയാളികള്‍ക്ക് പുതിയൊരു വായനാനുഭവുമായി എത്തുകയാണ് ജ്വാലയുടെ മെയ് ലക്കം. ഇവിടെയും ഏറെ വിഷയമാകുന്നതും രാഷ്ട്രീയം തന്നെ. പ്രശസ്ത കവി ശ്രീ. ചെമ്മനം ചാക്കോയുടെ കവിത നമുക്ക് മുന്നില്‍ ചോദ്യ ചിഹ്നമാവുകയാണ്. പുതു തലമുറക്ക് വഴിവിളക്കാകേണ്ട പൊതുപ്രവര്‍ത്തകര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും, അത് അതേപടി ജനങ്ങള്‍ക്ക് മുന്നില്‍ ആദ്യം എത്തിക്കാന്‍ മത്സരിക്കുന്ന മാധ്യമങ്ങളും അദേഹത്തിന്റെ കവിതയിലൂടെ എത്തുന്നു.

ദിനേശന്‍ കപ്രശ്ശേരിയുടെ ‘ചില പക്ഷപാത ചിന്തകള്‍’ എന്ന ലേഖനം ഏറെ ശ്രദ്ധേയമാണ്. രഘുനാഥ് പലേരിയുടെ അനുഭവക്കുറിപ്പും പങ്കു ജോബിയുടെ കഥയും ജ്വാലയുടെ ഈ ലക്കത്തെ സമ്പുഷ്ടമാക്കുന്നു. ശ്രീ ഫൈസല്‍ ബാവ എഴുതിയ ‘ഇടവപ്പാതിക്കെന്താ വില?’ എന്ന ലേഖനം വേനലില്‍ ചുട്ടുപൊള്ളുന്ന കേരളത്തിന്റെ അവസ്ഥ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷണമാചാരിയുമായുള്ള അഭിമുഖം, ഡോ എം.എസ്. പോള്‍ എഴുതിയ ‘കാക്കനാടന്റെ വഴി ‘ തുടങ്ങിയവയൊക്കെ വായനക്കാരെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. യുക്മ ദേശീയ സാഹിത്യ മത്സരങ്ങളില്‍ വിജയികളായവരുടെ കൃതികളും ജ്വാല മെയ് ലക്കത്തെ കൂടുതല്‍ ഈടുറ്റതാക്കുന്നു. ജ്വാലയുടെ ഈ ലക്കം മുഖച്ചിത്രത്തില്‍ എത്തിയത് മഞ്ചസ്റ്ററില്‍ നിന്നുള്ള ആഡ്രിയ അലക്‌സ് എന്ന കൊച്ചു സുന്ദരിയാണ്.

യുക്മ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന ‘ജ്വാല’ ഇ മാഗസിന്‍ ലോക പ്രവാസി മലയാളി സമൂഹം ഇരുകയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. ചീഫ് എഡിറ്റര്‍ ശ്രീ റെജി നന്തിക്കാട്ടിലിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ജ്വാല ഇമാഗസിന്‍ യുക്മക്ക് എറെ അഭിമാനകരമാകുകയാണെന്ന് യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ അഭിപ്രായപ്പെട്ടു. ജ്വാലക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യുക്മ സാഹിത്യ വേദിയുടെ എല്ലാ പ്രവര്‍ത്തകരെയും യുക്മ ജനറല്‍ സെക്രട്ടറി ശ്രീ. സജീഷ് ടോം അഭിനന്ദിച്ചു.

എല്ലാ മാസവും പത്താം തീയതിയാണ് ‘ജ്വാല’ പ്രസിദ്ധീകരിക്കപ്പെടുന്നത്.

ജ്വാല മെയ് ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.