1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2017

സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ചത് ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ ആസിഫ് അലി സര്‍ദാരിയാണെന്ന വെളിപ്പെടുത്തലുമായി മുഷറഫ്, മുഷറഫ് കൊലപാതകിയും ഭീരുവുമാണെന്ന് സര്‍ദാരിയുടെ പെണ്മക്കള്‍, പാക് രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റടിക്കുന്നു. ബേനസീറിന്റെ കൊലപാതകത്തിലൂടെ നേട്ടമുണ്ടാക്കിയ ഏക വ്യക്തി ഭര്‍ത്താവായിരുന്ന സര്‍ദാരിയാണ്. അധികാരത്തില്‍ എത്തിയെ സര്‍ദാരി എന്തുകൊണ്ടാണ് ഭാര്യയുടെ കൊലപാതകികളെ കണ്ടു പിടിക്കാത്തതെന്ന് ചിന്തിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും മുഷറഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ആരോപിച്ചു.

ബേനസീര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല. വിഷയം തനിക്ക് രാഷ്ട്രീയമായി നഷ്ടം മാത്രമേ സമ്മാനിച്ചിട്ടുള്ളു. എനിക്ക് അവരെ കൊല്ലിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. ബേനസീറിന്റെ കൊലപാതകമാണ് തന്റെ ഭരണത്തെപോലും പ്രതിസന്ധിയിലാക്കിയത്. കൊലപാതകം കൊണ്ട് നേട്ടമുണ്ടായത് സര്‍ദാരിക്ക് മാത്രമാണെന്നും മുഷറഫ് ചൂണ്ടികാട്ടി. ബെയ്ത്തുല്ല മെഹ്‌സുദും സംഘവുമാണ് ബേനസീറിനെ വധിച്ചത് എന്നതിനു തെളിവുണ്ട്. പക്ഷേ ആരാണ് ചുമതലപ്പെടുത്തിയത് എന്നതാണ് അറിയേണ്ടത്.

ബെയ്ത്തുല്ലയും സംഘവുമായി ഞാന്‍ വിരോധത്തിലായിരുന്നു എന്നത് ഏവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ പിന്നില്‍ ഞാനല്ലെന്ന് വ്യക്തമാണ്. മാത്രമല്ല അവര്‍ എന്നെയും വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ദാരിക്ക് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി മികച്ച ബന്ധമുണ്ടായിരുന്നു. ഇത് ഉപയോഗിച്ചു കൊണ്ടായിരിക്കാം ബെയ്ത്തുല്ലയെ നിയോഗിച്ചതെന്നും വീഡിയോയിലൂടെ മുഷറഫ് ആരോപിച്ചു. ബേനസീര്‍ വധക്കേസില്‍ മുഷറഫിനെ കഴിഞ്ഞ മാസം പിടികിട്ടാപ്പുള്ളിയായി പാക് കോടതി പ്രഖ്യാപിച്ചിരുന്നു.

അതേസമയം പര്‍വേസ് മുഷറഫിനെതിരെ രൂക്ഷവിമര്‍ശനവുമായി ബേനസീര്‍ ഭൂട്ടോയുടെയും ആസിഫ് അലി സര്‍ദാരിയുടെയും പെണ്‍മക്കള്‍ അസീഫ ഭൂട്ടോ സര്‍ദാരി, ബക്താവര്‍ ഭൂട്ടോ സര്‍ദാരി എന്നിവര്‍ രംഗത്തെത്തി. കൊലപാതകിയും ഭീരുവുമാണ് മുഷറഫെന്ന് ഇരുവരും ആരോപിച്ചു. ധൈര്യമുണ്ടെങ്കില്‍ പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തി നിയമനടപടി നേരിടാന്‍ ആസിഫ് അലി സര്‍ദാരിയും മുഷറഫിനെ വെല്ലുവിളിച്ചു. 2007 ഡിസംബര്‍ 27ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബേനസീര്‍ ഭൂട്ടോ വെടിയേറ്റ് മരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.