1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2016

സ്വന്തം ലേഖകന്‍: കാവേരി നദീജല തര്‍ക്കം, സെപ്തംബര്‍ 27 വരെ തമിഴ്‌നാടിന് 6000 ഘന അടി വെള്ളം വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി വിധി, കര്‍ണാടകയില്‍ വീണ്ടും സംഘര്‍ഷം. നാല് ആഴ്ചക്കുള്ളില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഈ മാസം 21 മുതല്‍ പത്തു ദിവസത്തേക്ക് തമിഴ്‌നാടിന് 3000 ഘന അടി വെള്ളം വിട്ടുകൊടുക്കാന്‍ കാവേരി നദീജല മേല്‍നോട്ട സമിതി കര്‍ണാടക സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെ!യാണ് കോടതി വിധി.

കാവേരി നദീജല തര്‍ക്കം കര്‍ണാടകയിലും തമിഴ്‌നാട്ടിലും ക്രമസമാധാന പ്രശ്‌നമായി മാറിയതിനിടയിലാണ് മേല്‍നോട്ട സമിതി യോഗം ചേര്‍ന്ന് ഈ തീരുമാനമെടുത്തത്. നേരത്തെ സുപ്രീം കോടതി വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ച വെള്ളത്തിന്റെ നാലിലൊന്ന് നല്‍കാനാണ് മേല്‍നോട്ട സമിതി തീരുമാനിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സമിതി വീണ്ടും യോഗം ചേരും.
തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് 10 ദിവസം 15,000 ഘന അടി കാവേരി നദീജലം വിട്ടുകൊടുക്കാന്‍ കര്‍ണാടക സര്‍ക്കാറിനോട് ആദ്യം ഉത്തരവിട്ട സുപ്രീംകോടതി പിന്നീട് അത് 12000 ഘന അടി ആക്കി കുറച്ച് ഉത്തരവ് ഭേദഗതി ചെയ്തിരുന്നു.

ജലക്ഷാമം തമിഴ്‌നാട്ടിലെ വിളവെടുപ്പിനെ ബാധിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീം കോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം പടരുകയാണ്. കോടതി ഉത്തരവ് വന്നതോടെ മാണ്ഡ്യയിലും മൈസൂരുവിലുമെല്ലാം വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. മാണ്ഡ്യ എം.പി ജനതാദള്‍ എസിലെ സി.എസ്. പുട്ടരാജു രാജി സമര്‍പ്പിച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളൂരു, മാണ്ഡ്യ, മൈസൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ച് ബംഗളൂരുവിലേക്കുമുള്ള എല്ലാ ബസ് സര്‍വിസുകളും കേരള ആര്‍.ടി.സി റദ്ദാക്കി. മുന്‍കൂട്ടി ടിക്കറ്റെടുത്തവരുടെ പണം മുഴുവനായും തിരിച്ചുനല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.