1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2017

സ്വന്തം ലേഖകന്‍: യു.എസില്‍ തീവ്ര വംശീയവാദികളുടെ പ്രകടനത്തിനിടെ ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്. ഹെതര്‍ ഹെയര്‍( 32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അമ്പതോളം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒഹായോയില്‍നിന്നുള്ള ജയിംസ് അലക്‌സ് ഫീല്‍ഡ്‌സ് എന്ന ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിര്‍ജീനിയ സംസ്ഥാനത്തെ ചാള്‍സ്‌ലോട്ടസ്‌വില്ലെയില്‍ ശനിയാഴ്ചയാണ് സംഭവം. വംശീയവാദികളുടെ റാലിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ഒരുസംഘം ആളുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്

പ്രതിഷേധക്കാരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മറ്റൊരു സംഭവത്തില്‍ ഹെലികോപ്ടറിലിരുന്ന് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയായിരുന്ന രണ്ട് പൊലീസുകാരും മരിച്ചു. ചാള്‍സ്‌ലോട്ടസ്‌വില്ലെക്കു സമീപം ഹെലികോപ്ടര്‍ തകര്‍ന്നുവീണാണ് ഇവരുടെ മരണം. നിലവിലെ സ്ഥിതിഗതികള്‍ പരിശോധിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇവരെ നിയോഗിച്ചത്.

നഗരത്തില്‍ സ്ഥാപിച്ച കോണ്‍ഫഡറേറ്റ് ജനറല്‍ റോബര്‍ട്ട് ഇ ലീയുടെ പ്രതിമ നീക്കാനുള്ള തീരുമാനത്തിനെതിരെ ഒരു കൂട്ടം വെള്ളക്കാര്‍ പ്രതിഷേധറാലി സംഘടിപ്പിക്കുകയായിരുന്നു. ഇതില്‍ എതിര്‍പ്പുമായി ഒരു സംഘം ആളുകള്‍ രംഗത്തുവന്നതോടെ റാലി അക്രമാസക്തമായി. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. അതിനിടെയാണ് അലക്‌സ് ഫീല്‍ഡ്‌സിന്റെ ആക്രമണം,

ആക്രമണത്തിനുശേഷം അലക്‌സ് ഫീല്‍ഡ്‌സ് ഫേസ്ബുക്കില്‍ നിയോനാസി അനുബന്ധ കുറിപ്പുകളും ഹിറ്റ്‌ലറുടെ ബാല്യകാല ചിത്രവും പോസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംഭവത്തെ അപലപിച്ചിട്ടുണ്ട്. അതേ സമയം ട്രംപിന്റെ പ്രസ്താവനക്കെതിരെ തീവ്ര വംശീയവാദികളായ വെള്ളക്കാരുടെ സംഘടന കു ക്ലുസ് ക്ലാനിന്റെ നേതാവ് ഡേവിഡ് ഡ്യൂക് പ്രതിഷേധവുമായി രംഗത്തെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.