1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2018

സ്വന്തം ലേഖകന്‍: ചൈനീസ് ചാരനായ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ യുഎസില്‍ അറസ്റ്റില്‍; നടപടി യുഎസ് ചാരന്മാരെ വേട്ടയാടുന്ന ചൈനയ്ക്കുള്ള മറുപടി. ജെറി ചുന്‍ ഷിങ് ലീ എന്ന ഷെന്‍ ചെങ് ലീ (53) യെയാണ് തിങ്കളാഴ്ച രാത്രി ജോണ്‍ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്. അമേരിക്കയുടെ ചാരന്മാരെ ചൈന തിരിച്ചറിയാന്‍ തുടങ്ങിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പറഞ്ഞു.

1994നും 2007നും ഇടയിലാണ് യുഎസ് ചാരസംഘടനയായ സിഐഎയില്‍ ലീ ജോലി ചെയ്തിരുന്നത്. യുഎസ് പൗരത്വം നേടിയിട്ടുള്ള ലീ, ഹോങ്കോങ്ങിലായിരുന്നു താമസം. അതീവ രഹസ്യമായ ദേശീയ പ്രതിരോധ വിവരങ്ങളെ നിയമവിരുദ്ധ പ്രവൃത്തിക്ക് ഉപയോഗിച്ചെന്നതാണ് കുറ്റം. തെളിയിക്കപ്പെട്ടാല്‍ പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. 2012 ഓഗസ്റ്റിലാണ് ലീയും കുടുംബവും ഹോങ്കോങ് വിട്ട് യുഎസില്‍ തിരിച്ചെത്തിയത്. ഈ യാത്രയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ഹവായ്, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ലീ താമസിച്ച ഹോട്ടലുകളില്‍ എഫ്ബിഐ നടത്തിയ പരിശോധനയില്‍ സംശയകരമായ വിവരങ്ങള്‍ ലഭിച്ചു. ദേശസുരക്ഷ സംബന്ധിച്ച രേഖകള്‍ ലഗേജില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. സിഐഎ ജീവനക്കാരുടെ മൊബൈല്‍ നമ്പരുകളും മേല്‍വിലാസവും കൈപ്പടയില്‍ എഴുതിയതും, രഹസ്യ യോഗസ്ഥലങ്ങളുടെ വിവരങ്ങളും മിനിറ്റ്‌സും രേഖപ്പെടുത്തിയതുമായ രണ്ട് പുസ്തകങ്ങളാണ് പ്രധാനമായും ഇയാളില്‍നിന്ന് പിടിച്ചെടുത്തത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.