1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2015

സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്‌സി ഫലങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വിജയശതമാനത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി. ഹയര്‍ സെക്കന്‍ഡറി വിജയശതമാനം മുന്‍ വര്‍ഷത്തേക്കാള്‍ 4.57 ശതമാനം വര്‍ദ്ധിച്ച് 83.96% ആയി. വിഎച്ച്എസ്ഇ വിജയശതമാനം 1.87 ശതമാനം കൂടി 91.63% വും ആയിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറിയില്‍നിന്ന് 2,88,362 പേരാണ് ഉന്നത പഠനത്തിന് അര്‍ഹരായത്. വിഎച്ച്എസ്‌സി യില്‍ 25,384 പേര്‍ വിജയിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 10,839 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതില്‍ 8902 പേരും സയന്‍സ് പഠിച്ചവരാണ്. മുന്‍ വര്‍ഷം മുഴുവന്‍ എ പ്ലസ് നേടിയവരുടെ എണ്ണം 6783 ആയിരുന്നു.

വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ്, 87.05%. ഏറ്റവും കുറവ് പത്തനംതിട്ടയിലും, 76.17%. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ കൂടുതല്‍ തിരുവനന്തപുരത്താണ്, 1248.

59 സ്‌കൂളുകള്‍ മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ചു. ഇതില്‍ ഒമ്പത് സര്‍ക്കാര്‍ സ്‌കൂളും 10 എയ്ഡഡ് സ്‌കൂളും 33 അണ്‍ എയ്ഡഡ് സ്‌കൂളും ഏഴ് സ്‌പെഷല്‍ സ്‌കൂളും ഉള്‍പ്പെടുന്നു. മുപ്പതില്‍ താഴെ വിജയശതമാനമുള്ള 23 സ്‌കൂളുണ്ട്. ഇതില്‍ അഞ്ചെണ്ണം മാത്രമാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍.

151 കുട്ടികള്‍ക്ക് 1200 ല്‍ 1200 മാര്‍ക്കും ലഭിച്ചു. ഇതില്‍ 150 പേര്‍ക്ക് ഗ്രേസ് മാര്‍ക്കുകൂടി കിട്ടിയപ്പോഴാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. ഭിന്നശേഷിയുള്ള ഒരു കുട്ടിക്ക് ബോണസ് മാര്‍ക്കുകൂടി കിട്ടിയപ്പോള്‍ ഈ നേട്ടം എത്തിപ്പിടിക്കാനായി. 31383 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചു.

ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്ക് ഇരുത്തിയത് പട്ടം സെന്റ് മേരീസ് സ്‌കൂളാണ്, 763 പേര്‍. വിജയശതമാനം 94.89. മലപ്പുറം ജില്ലയിലെ പാലമേട് എസ്.വി. 726, എംഎസ്എം 639 കുട്ടികളെ വീതം പരീക്ഷയ്ക്കിരുത്തി. ഈ സ്‌കൂളുകളിലും 90 ശതമാനത്തിനുമേല്‍ വിജയമുണ്ട്. ടെക്‌നിക്കല്‍ സ്‌കൂളില്‍ 74.80 ഉം കലാമണ്ഡലം സ്‌കൂളില്‍ 90 ഉം ഓപ്പണ്‍ സ്‌കൂളില്‍ 36.95 ഉം ആണ് വിജയശതമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.