1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2015

വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ തുടക്കവും വളര്‍ച്ചയും വിശദീകരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു. മിഡില്‍ ഈസ്റ്റ് മേഖലയിലെ ഐഎസിന്റെ സാന്നിദ്ധ്യവും വളര്‍ച്ചയുമാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ‘ഐസിസ്: ഇന്‍സൈഡ് ദി ആര്‍മി ഒഫ് ടെറര്‍’ എന്ന പേരിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. സിറിയന്‍ അനലിസ്റ്റ് ഹസ്സന്‍ ഹസ്സനും യു.എസ് മാധ്യമപ്രവര്‍ത്തകന്‍ മൈക്കിള്‍ വീസുമാണ് പുസ്തകത്തിന് പിന്നില്‍.

അടിച്ചമര്‍ത്തപ്പെട്ട ഇറാഖ് കലാപകാരികളില്‍ നിന്ന് ബ്രിട്ടനോളം വലിപ്പമുള്ള പ്രദേശത്തെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന ജിഹാദി സൈന്യമായുള്ള ഐസിസിന്റെ പരിണാമഘട്ടം അനാവരണം ചെയ്യുന്നതാണ് പുസ്തകമെന്ന് എഴുത്തുകാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെറുപ്പും ഭയവുമടങ്ങുന്ന പ്രത്യയശാസ്ത്രത്തിലൂടെ മുസ്ലിം യുവത്വമടങ്ങുന്ന അനുയായികളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനായി നടത്തുന്ന നീക്കങ്ങളും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ഐഎ് റിക്രൂട്ട്‌മെന്റ് ഭരണം, താഴേ തട്ട് മുതലുള്ള ഭീകരവാദികളുടെ നിയന്ത്രണം എന്നിവ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിസേര്‍ച്ച് സെന്ററായ ദി ഡെല്‍മര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിശകലന വിദഗ്ദനാണ് ഹസ്സന്‍.

ഐസിസ് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കപ്പെട്ടതല്ലെന്നും മറിച്ച് 11 വര്‍ഷങ്ങളായി നിലനിന്നിരുന്ന സംഘടനയാണിതെന്നും ഗ്രന്ഥകാരന്മാര്‍ വ്യക്തമാക്കി. ഇറാഖ് യുദ്ധത്തിന്റെ ഉപോത്പന്നമാണിത്. 2007ല്‍ യു.എസ് സൈന്യവും ഇറാഖ് സുന്നികളും സംഘടിച്ച് ഇവരെ അന്‍ബര്‍ മരുഭൂമിയില്‍ നിന്ന് തുരത്തി. എന്നാല്‍ യു.എസ് പിന്മാറ്റത്തോടെ ഇറാഖ് സര്‍ക്കാരിന്റെ വിഭാഗീയതയില്‍ സഹികെട്ട സുന്നികള്‍ അത്തരം തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ചായാന്‍ തുടങ്ങി. 2011ലെ അറബ് വസന്തത്തിന് ശേഷം സിറിയന്‍ ജനതയുടെ പ്രശ്‌നങ്ങള്‍ മുതലെടുത്ത ഐസിസ് ജനതയെ ആശയക്കുഴപ്പത്തിലാക്കി തങ്ങള്‍ക്കൊപ്പം ചേര്‍ത്തതായി പുസ്തകം വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.