1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2020

സ്വന്തം ലേഖകൻ: കണ്ണില്‍ പിന്‍ തറച്ചത് മൂലമുണ്ടായ ഗുരുതര പരിക്കുമായി ഒരു മാസത്തിലധികമായി ഒമാനില്‍ കഴിയുകയായിരുന്നു കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ സുധീഷ് കൃഷ്ണന്‍. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണും വിദഗ്ധ ചികിത്സയ്ക്ക് വേണ്ട പണമില്ലാതിരുന്നതുമാണ് സുധീഷിനെ വേദന കടിച്ചമര്‍ത്തി നാട്ടിലേക്കെത്തുന്ന വിമാനം കാത്തിരിക്കാന്‍ പ്രേരിപ്പിച്ചത്. ഒരു മാസത്തെ കാത്തിരിപ്പിന് ശേശം ഇന്ന് മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലെത്തുന്ന ആദ്യ വിമാനത്തിലെ യാത്രക്കാരനായി സുധീഷുമുണ്ട്.

ഏപ്രില്‍ അഞ്ചിനാണ് ജോലി ചെയ്തിരുന്ന കര്‍ട്ടണ്‍ കടയില്‍ നിന്നും ജോലിക്കിടെ കര്‍ട്ടണ്‍ പിന്‍ സുധീഷിന്റെ കണ്ണില്‍ തറച്ചത്. ഉടന്‍ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം വിദഗ്ധ ചികിത്സയക്കായി മസ്‌കറ്റിലെത്താന്‍ സുധീഷിന് കഴിയുമായിരുന്നില്ല. ചികിത്സയ്ക്ക് വേണ്ടി വരുന്ന വന്‍ തുക കൂടി ആലോചിച്ചപ്പോള്‍ നാട്ടിലെത്തിയ ശേഷം തുടര്‍ ചികിത്സ നടത്താമെന്ന തീരുമാനത്തില്‍ വേദന സഹിച്ച് ഒമാനില്‍ തുടരുകയായിരുന്നു.

ഇതിനിടെ നാട്ടിലേക്കെത്തുമെന്ന പ്രതീക്ഷയില്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. എന്നാല്‍ ആദ്യ സര്‍വ്വീസില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവര്‍ക്കാണ് യാത്രാനുമതി എന്ന് അറിഞ്ഞതോടെ നിരാശയായിരുന്നു ഫലം. എത്രയും വേഗം നാട്ടിലെത്തി ചികിത്സ തേടാനുള്ള ആഗ്രഹത്തില്‍ സലാല കെഎംസിസി പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകര്‍ സുധീഷിനെ മസ്‌കറ്റിലെത്തിച്ചു. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ആദ്യ വിമാനത്തില്‍ തന്നെ നാട്ടിലേക്ക് എത്താന്‍ അവസരവുമൊരുങ്ങി. എറണാകുളത്തെത്തിയ ശേഷം തുടര്‍ ചികിത്സ തേടാമെന്ന പ്രതീക്ഷയിലാണ് സുധീഷ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.