1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2015

ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചുവെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ ജനക്കൂട്ടം തല്ലിക്കൊന്ന സ്ത്രീ നിരപരാധിയെന്ന് പോലീസ്. 32 വയസ്സുകാരിയായിരുന്ന ഫര്‍കുന്‍ദ മാനസികരോഗി അല്ലെന്നും അവര്‍ ഖുറാന്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന അധ്യാപികയായിരുന്നന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനക്കൂട്ടം ഇവരെ തല്ലിക്കൊന്നിട്ട് ദിവസങ്ങളായെങ്കിലും ഇന്നു മാത്രമാണ് നിര്‍ണായകമായ പല വിവരങ്ങളും പുറത്തു വരുന്നത്.

ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ച് ഫര്‍കുന്‍ദയെ ക്രൂരമായി മര്‍ദ്ദിച്ച് തീക്കൊളുത്തി നദിയിലെറിയുകയായിരുന്നു. എന്നാല്‍ ഇവര്‍ ഖുറാന്‍ താളുകള്‍ കത്തിച്ചിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്തെ ഒരു വ്യാജ സിദ്ധന്‍ നടത്തിയ നുണ പ്രചാരണമാണ് അതിക്രമത്തിന് പിന്നില്‍. വ്യാജ സിദ്ധന്റെ തട്ടിപ്പുകള്‍ ഫര്‍കുന്‍ദ വെളിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ നടത്തിയ തെറ്റായ പ്രചരണം വിശ്വസിച്ചാണ് നൂറ് കണക്കിനാളുകള്‍ ഫകുന്‍ദയെ ക്രൂരമായി കൊലപ്പെടുത്തിയത്.

തന്റെ മകള്‍ മാനസിക രോഗിയാണെന്ന് പ്രഖ്യാപിച്ച് പിതാവ് നേരത്തെ രംഗത്തെത്തിയിരുന്നു. അത് സത്യമല്ലെന്ന് ഫര്‍കുന്‍ദയുടെ സഹോദരന്‍ വ്യക്തമാക്കി. കുടുംബാംഗങ്ങള്‍ കൂടി ആക്രമിക്കപ്പെടുമോ എന്ന് ഭയന്നാണ് പിതാവ് അങ്ങനെ പറഞ്ഞതെന്ന് സഹോദരന്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട 26 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം കണ്ടിട്ടും അതില്‍ ഇടപെടാതെ മാറി നിന്ന 11 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

ഫര്‍കുന്ദയുടെ മരണത്തില്‍ വന്‍ പ്രതിഷേധമാണ് അഫ്ഗാനില്‍ നടന്നത്. അഫ്ഗാനിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ ശവസംസ്‌കാരത്തിന് നേതൃത്വം നല്‍കി. ശരീരാവശിഷ്ടങ്ങളുമായ് സ്ത്രീകള്‍ പൊതു നിരത്തിലിറങ്ങി. ശവമഞ്ചവും സ്ത്രീകള്‍ തന്നെ ചുമന്നു. ഫര്‍കുന്ദ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.