1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2015

സാബു ജോസ്

സര്‍ഗ്ഗവേദി യു.കെ. അവതരിപ്പിക്കുന്ന ഓര്‍മ്മയില്‍ ഒരു ശിശിരം പരിപാടിയിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ ഉണ്ണിമേനോന്‍ ഹിറ്റ്‌സ് ആസ്വാദ്യകരമാക്കാന്‍ ഉള്ള തീവ്ര പരിശ്രമത്തില്‍ ആണ് ലെസ്റ്റര്‍ ലൈവ് സംഘാംഗങ്ങളും ഗായികാ ഗായകരും.

കീബോര്‍ഡിസ്റ്റ് സിജോ ചാക്കോയുടെ നേതൃത്വത്തില്‍ ലെസ്റ്റര്‍ ലൈവ് അംഗങ്ങള്‍ ആയ സാബു, ജോര്‍ജ്ജ്, സജി, മെബിള്‍, റെജി എന്നിവര്‍ക്കൊപ്പം തബലിസ്റ്റ് മനോജ് ശിവയും ഡ്രമ്മര്‍ ജോയിയും ചേരുമ്പോള്‍ ലൈവ് ഓര്‍ക്കസ്ട്ര പൂര്‍ണ്ണത കൈവരിക്കും.

സിനോ തോമസും (ശ്രുതി ഗാനമേള) സഹായി ജോബിയും ആണ് ശബ്ദ വെളിച്ച സംവിധാനം നിര്‍വഹിക്കുന്നത്. ശ്യാം, ജോണ്‍സന്‍, രഘുകുമാര്‍… തുടങ്ങിയ മഹാരഥന്മാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച് പ്രേക്ഷകരില്‍ പ്രണയഭാവ വൈവിധ്യങ്ങളുടെ പെരുമഴയായി പെയ്തിറങ്ങിയ ഒരുപിടി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യ ആസ്വാദകര്‍ക്ക് ഗതകാല സ്മരണകളുടെ അയവിറക്കല്‍ കൂടി ആകും.

യേശുദാസിന് ട്രാക്ക് പാടി ജീവിതത്തില്‍ ആനന്ദ നിര്‍വൃതി നേടി കഴിഞ്ഞു പോന്നിരുന്ന ഉണ്ണിമേനോന്‍ എന്ന ഗായകന്‍ പിന്നണി ഗായകന്‍ ആകാന്‍ നിമിത്തമായതും യേശുദാസ് തന്നെ!
താന്‍ പാടിയ ട്രാക്ക് പാടാന്‍ യേശുദാസിന്റെ തിരക്കുകള്‍ അനുവദിക്കാതെ വന്ന സാഹചര്യത്തില്‍ ശ്യാമിനെ പോലെ ഗുരു തുല്യനായ സംഗീതാചാര്യന്റെ നിര്‍ബന്ധ പൂര്‍ണ്ണമായ തീരുമാനത്തെ തുടര്‍ന്ന് മലയാളിക്ക് ലഭിച്ച പിന്നണിഗായകനാണ് ഉണ്ണി മേനോന്‍.

മാറിയ ലോക സാഹചര്യങ്ങളില്‍ നിന്ന് ചിന്തിക്കുമ്പോള്‍ അമ്പരപ്പും അദ്ഭുതവും ഉളവാക്കുന്ന കാര്യങ്ങള്‍ ആണ് കലാരംഗത്ത് പണ്ട് നടമാടിയിരുന്നത്. അതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാകുന്നു ഉണ്ണിമേനോന്‍ എന്ന അനുഗൃഹീത ഗായകന്‍. അദേഹത്തെ നമ്മള്‍ ആദരിക്കുന്നു; അദ്ദേഹം പാടിയ ഒരുപിടി ഗാനങ്ങളുടെ പുനസൃഷ്ടിയിലൂടെ…

ബോണ്‍ മൌതില്‍ ഉള്ള ബിനോയ് മാത്യു ഇതിനോടകം യു.കെ.യില്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള ഗായകനാണ്. അജിത് പാലിയത് ഒരു ഗായകന്‍ എന്ന നിലയിലും സംഘാടകന്‍ എന്ന നിലയിലും അറിയപ്പെടുന്ന ആള്‍. ഹരീഷ് പാലാ ബിര്‍മിംഗ്ഹാമില്‍ വര്‍ഷം തോറും നടക്കുന്ന ഗീതാന്‍ജലിയുടെ സജീവ സാന്നിധ്യവും. ദേവലാല്‍ സഹദേവന്‍ യു.കെ. മലയാളികള്‍ക്ക് സുപരിചിതനായ മാറ്റ് ഉരച്ച സംഘാടകന്‍; ഒപ്പം ഗായകനും. ദീപ സന്തോഷ്, അലീന സജീഷ് എന്നിവരും ചേരുമ്പോള്‍ ഗായികാ ഗായക വൃന്ദം സമ്പുഷ്ടം.

എല്ലാവരെയും ലെസ്റ്ററിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. ഫെബ്രുവരി 15 വൈകുന്നേരം 4 മണി. സ്ഥലം Stonehill High School, Stonehill Avenue, Leicester, LE4 4JG

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.