1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2016

സ്വന്തം ലേഖകന്‍: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പണം കൊണ്ട് ആറാട്ട്, ഒറ്റ ദിവസം പിടിച്ചെടുത്തത് 570 കോടി രൂപ. മെയ് 16 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ പരസ്യ പ്രചാരണം അവസാനിക്കുന്ന ശനിയാഴ്ച മാത്രം പിടിച്ചെടുത്ത തുകയാണിത്. മൂന്നു കണ്ടെയ്‌നറുകളില്‍ കടത്തുകയായിരുന്ന പണം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

തിരുപ്പൂര്‍ ജില്ലയില്‍ പരിശോധനയ്ക്കിടെയാണ് പണവുമായി കണ്ടെയ്‌നറുകള്‍ എത്തിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോയമ്പത്തൂര്‍ മുതല്‍ വിശാഖപട്ടണം വരെയുള്ള ബ്രാഞ്ചുകളില്‍ നിക്ഷേപിക്കുന്നതിനുള്ള പണമാണെന്ന് പിടിയിലായവര്‍ പറഞ്ഞു. എന്നാല്‍ മതിയായ രേഖകളില്ലാതെയാണ് പണം കൊണ്ടുവന്നതെന്നും ഇവരുടെ മൊഴികളില്‍ വിശ്വാസ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.

കണ്ടെയ്‌നറുകളെ പിന്തുടര്‍ന്ന് മൂന്നു കാറുകളും എത്തിയിരുന്നു. ഇവരില്‍ ഉണ്ടായിരുന്നവരെയും അധികൃതര്‍ പിന്തുടര്‍ന്ന് ചെങ്കല്‍പള്ളിക്ക് സമീപംവച്ച് പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള പോലീസുകാരാണ് തങ്ങളെന്ന് കാറിലുണ്ടായിരുന്നവര്‍ അവകാശപ്പെട്ടുവെങ്കിലും അവര്‍ യൂണിഫോമില്‍ ആയിരുന്നില്ല. കാറിലുണ്ടായിരുന്നവരെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയില്‍ വാഹനം നിര്‍ത്താതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വാഹന പരിശോധനയെ കുറിച്ച് അറിവില്ലായിരുന്നുവെന്നും കൊള്ളക്കാരാണെന്ന് കരുതിയാണ് പാഞ്ഞുപോയെതെന്ന വിചിത്രമായ ഉത്തരമാണ് ഇവര്‍ നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായതോടെ തമിഴ്‌നാട്ടില്‍ വ്യാപകമായി പണം ഒഴുകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടികണക്കിന് രൂപയാണ് ഇതിനകം തന്നെ പിടിച്ചെടുത്തത്. പണത്തിനു പുറമേ മദ്യവും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഇലക്‌ട്രേണിക് ഉപകരണങ്ങളുമായി വോട്ടര്‍മാരെ ചാക്കിലാക്കാന്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.