1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2017

 

സ്വന്തം ലേഖകന്‍: നഴ്‌സിംഗ് തട്ടിപ്പു കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് നെടുമ്പാശേരിയില്‍ അറസ്റ്റിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഉതുപ്പിനെ സിബിഐ അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ നിന്നാണ് ഇയാള്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഉതുപ്പ് വര്‍ഗീസിനെതിരെ സിബിഐ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉതുപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അല്‍ സറാഫാ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവില്‍ ഉതുപ്പ് വര്‍ഗീസ് നഴ്‌സിങ് റിക്രൂട്ട്‌മെന്റിനെന്നും പറഞ്ഞ് നിരവധിപേരെ പറ്റിച്ച് കോടിക്കണക്കിന് രൂപ സ്വന്തമാക്കി എന്നാണ് കേസ്. നിരവധി പേര്‍ പരാതിയുമായി എത്തിയതിരെ തുടര്‍ന്ന് സിബിഐ നടത്തിയ അന്വേഷണത്തില്‍ ഇയാളെ കേസിലെ മൂന്നാം പ്രതിയാക്കിയിരുന്നു. കുവൈത്തിലേക്ക് നേഴ്‌സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തില്‍ തെളിയുകയും ചെയ്തു.

റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ എന്നിരിക്കെ 1,629 നഴ്‌സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപ വീതമാണ് അല്‍ സറഫാ ഏജന്‍സി നിയമനത്തിനായി വാങ്ങിച്ചിരുന്നത്. 1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്. പക്ഷെ നഴ്‌സുമാരോ മറ്റോ കുവൈത്തില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍ കുവൈത്തില്‍ ഇയാള്‍ക്കെതിരെ കേസൊന്നുമില്ല.

തട്ടിപ്പിന് സഹായിച്ചുവെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് എല്‍. അഡോള്‍ഫസിനെ പ്രതിയാക്കി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഉതുപ്പിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ അഡോള്‍ഫിന്റെ പങ്ക് വ്യക്തമാകുകയുള്ളു. റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ സമാഹരിച്ച പണം മുഴുവന്‍ ഹവാലയായാണ് കൈമാറ്റം ചെയ്തിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

തട്ടിപ്പുനടത്തി രാജ്യം വിട്ട ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ അന്വേഷിക്കാന്‍ വേണ്ടി സിബിഐ ഇന്റര്‍പോളിനോട് ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ നീക്കങ്ങള്‍ വിജയിച്ചതോടെയാണ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പിനെ ഉള്‍പ്പെടുത്തിയത്. വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പ് വര്‍ഗീസിന്റെ ചിത്രങ്ങളും പൂര്‍ണ മേല്‍വിലാസവും ചേര്‍ത്തിരുന്നു. ഇയാള്‍ കുവൈറ്റിലുണ്ടെന്നും ഇടയ്ക്ക് ദുബായില്‍ പോയി വരുന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.