1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2017
മുഖ്യപ്രതി പള്‍സര്‍ സുനി

 

സ്വന്തം ലേഖകന്‍: നടിക്കെതിരായ ആക്രമണം, പൊട്ടിത്തെറിച്ച് പ്രിത്വിരാജ്, ആക്രമികളെ വെല്ലുവിളിച്ച് മേജര്‍ രവി, ജോണ്‍ ബ്രിട്ടാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി റീമാ കല്ലിങ്കല്‍. വെള്ളിയാഴ്ച രാത്രിയാണ് തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന താരത്തെ മൂന്നംഗ സംഘം വഴിയില്‍ വച്ച് ആക്രമിച്ചത്. പിന്നീട് ഇവരുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയെന്നാണ് കേസ്. സംഭവത്തില്‍ മൂന്നു പേര്‍ പിടിയായതായാണ് സൂചന.

നടിക്കെതിരെ നടന്ന അക്രമത്തെ അപലപിച്ച് സിനിമാ രാഷ്ട്രീയസാംസ്‌കാരിക മേഖലകളില്‍ നിന്ന് നിരവധി പേര്‍ രംഗത്തെത്തി. ഈ കൃത്യം ചെയ്ത ‘തന്തയില്ലാത്തവരെ’ നിയമത്തിന് മുന്നിലെത്തിക്കണമെന്നും, കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രിഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മറ്റൊരാളുടെ ദൗര്‍ഭാഗ്യം ആഘോഷിക്കാന്‍ ഒരാളെയും അനുവദിക്കരുതെന്നും പ്രിഥ്വിരാജ് രോഷം കൊള്ളുന്നു.

രാവിലെ തന്നെ ഈ വാര്‍ത്ത കേട്ടാണ് എണീറ്റതെന്ന് പറഞ്ഞുകൊണ്ടാണ് പ്രിഥ്വി കുറിപ്പ് ആരംഭിക്കുന്നത്. വാര്‍ത്ത മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും, വിവാദമാക്കിയെന്നും പ്രിഥ്വി ആരോപിക്കുന്നു. താനറിയുന്ന ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിക്ക് സംഭവിച്ചതെന്തെന്ന് വിശദമായി പറഞ്ഞ്, ആരുടെയെങ്കിലും ടിആര്‍പി കൂട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രിഥ്വിരാജ് പറഞ്ഞുവെക്കുന്നു. ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം തന്നെയാണ് പ്രിഥ്വിരാജ് പറഞ്ഞുവെക്കുന്നത്.

ഈ അപമാനത്തിന് കാരണമായ പുരുഷസമൂഹത്തിന്റെ ഭാഗമാണ് താന്നെനും, ഇതിനാല്‍ തന്റെ തല കുനിഞ്ഞുപോകുന്നുവെന്നും പ്രിഥ്വിരാജ് പറയുന്നു. ഇപ്പോള്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം, ആ പെണ്‍കുട്ടിയുടെ ധീരതയെ ബഹുമാനിക്കുകയെന്നതാണെന്നും താരം പറയുന്നു. അടുത്തയാഴ്ച നടിയോടൊത്ത് പുതിയ സിനിമ ആരംഭിക്കാനിരുന്നതാണെന്നും, ഉടന്‍ ക്യാമറയ്ക്ക് മുന്‍പില്‍ വരാന്‍ പറ്റില്ലെന്ന് നടി അറിയിച്ചുവെന്നും പ്രിഥ്വിരാജ് പറയുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമാ മേഖലയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിക്കണമെങ്കില്‍, അവള്‍ക്കേറ്റ മുറിവുകള്‍ എത്രമാത്രം ദുസഹമാണെന്ന് തനിക്ക് മനസിലാകും. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായ ആ ‘തന്തയില്ലാത്തവന്മാരെ’ നിയമത്തിന് മുന്‍പിലെത്തിക്കണമെന്നും പ്രിഥ്വിരാജ് ആവശ്യപ്പെടുന്നു.

നടിക്ക് പറ്റിയ ഈ ദൗര്‍ഭാഗ്യത്തെ ആരെയും ആഘോഷിക്കാന്‍ അനുവദിക്കാനനുവദിക്കരുതെന്നും പ്രിഥ്വിരാജ് ആവശ്യപ്പെട്ടു. നടിക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കിയ പ്രിഥ്വി, ഉടന്‍ നടിക്ക് തിരിച്ചുവരാനാകട്ടെയെന്നും ആശംസിച്ചു. ആരെയും ബാക്കിയുള്ള ജീവിതത്തെ വേട്ടയാടാന്‍ അനുവദിക്കരുതെന്നും നടിയോട് പ്രിഥ്വിരാജ് ആവശ്യപ്പെട്ടു. പതിവ് ഇംഗ്ലീഷ് മീഡിയം തമാശകള്‍ ഈ പോസ്റ്റില്‍ വേണ്ടെന്ന് പറഞ്ഞാണ് താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

പ്രമുഖ മാധ്യമ സ്ഥാപനമായ കൈരളി ടിവിയുടെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത വന്നതാണ് റിമ കല്ലിങ്കലിനെ ചൊടിപ്പിച്ചത്. സംഭവത്തില്‍ മാധ്യമ ഗ്രൂപ്പിനെ നിശിതമായി വിമര്‍ശിച്ച റിമ, സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനെയും കടന്നാക്രമിച്ചു. ‘സ്ഥാപനത്തിലെ ജീവനക്കാര്‍ എന്തുചെയ്യുകയാണെന്ന് മനസ്സിലാകുന്നില്ലെങ്കില്‍ രാജിവയ്ക്കുന്നതാണ് നല്ലതെ’ന്ന് ബ്രിട്ടാസിന്റെ പേരെടുത്ത് പറഞ്ഞ് റിമ വിമര്‍ശിച്ചു. ഇതിന് ശേഷമാണ് തങ്ങളുടെ ഓണ്‍ലൈന്‍ മാധ്യമത്തില്‍ നിന്ന് നടിക്കെതിരായ വാര്‍ത്തകള്‍ പിന്‍വലിച്ച്, ചാനല്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചത്. ഒപ്പം ആഷിക്ക് അബുവിന്റെ ഹാഷ് ടാഗ് കാംപെയ്ന്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

നടിയ്‌ക്കെതിരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും അക്രമികളെ വെല്ലുവിളിച്ചും സംവിധായകന്‍ മേജര്‍ രവി. നായികക്കുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും മേജര്‍ രവി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രശസ്തയായ ഒരു നടിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായെങ്കില്‍ ഭാവിയില്‍ ഇത് ഏത് സ്ത്രീക്കു നേരെയും ഉണ്ടാകാമെന്നും ഇത്തരം സംഭവങ്ങള്‍ക്കു നേരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത വ്യവസ്ഥിതിയെ ഓര്‍ത്ത് ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.

അക്രമികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു മേജര്‍ രവി. ‘നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ…പിടിയിലാകുന്നതിനു മുന്‍പ് ആണുങ്ങടെ കൈയ്യില്‍ പെടാതിരിക്കാന്‍ നോക്കിക്കോടാ’ എന്നും ‘ ഇനി നീയൊന്നും ഞങ്ങടെ അമ്മ പെങ്ങന്മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ല ‘എന്നും, ‘പറയുന്നത് ചങ്കൂറ്റമുള്ള പട്ടാളക്കാരനാണെന്ന് ഓര്‍ത്തോണം’ എന്നും പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സുഹൃത്തിനെ കുറിച്ച് കേട്ട വാര്‍ത്തയില്‍ താന്‍ നടുങ്ങിപ്പോയെന്ന് കാളിദാസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ഇത്തരക്കാരെ ആണെന്ന് വിളിക്കാന്‍ കഴിയില്ലെന്നും ഇവരെയൊന്നും എന്ത് കൊണ്ട് തൂക്കിക്കൊല്ലുന്നില്ല എന്ന് താന്‍ അതിശയിക്കുന്നതായും കാളിദാസ് പറഞ്ഞു. സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളത്ത് നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. പൊലീസ് പ്രതികള്‍ക്ക് പിന്നാലെ തന്നെയുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത് പൊലീസിനു നേട്ടമായി. സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.