1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2016

സ്വന്തം ലേഖകന്‍: തൃശൂര്‍ നഗരത്തില്‍ പുലിമയം, ഇത്തവണ കൗതുകമായി പെണ്‍പുലികള്‍. ആണ്‍ പുലികള്‍ക്കൊപ്പം നാലു പെണ്‍പ്പുലികള്‍ മത്സരത്തിന് ഇറങ്ങിയതായിരുന്നു ഇത്തവണത്തെ പുലിക്കളിയുടെ സവിശേഷത. വിയൂര്‍, അയ്യന്തോള്‍ ദേശങ്ങളില്‍ നിന്നാണ് പെണ്‍പ്പുലികള്‍ എത്തിയത്. അയ്യന്തോള്‍ ദേശം, വിയ്യൂര്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സംഘം, തൃക്കുമാരകുടം ശ്രീഭദ്ര ക്ലബ്, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, മൈലിപ്പാടം ദേശം, വടക്കേ അങ്ങാടി ദേശം, പാട്ടുരായ്ക്കല്‍ പുലിക്കളി കമ്മിറ്റി, കൊക്കാലെ സാന്റോസ് ക്ലബ്, പൂങ്കുന്നം വിവേകാനന്ദ എന്നിവയാണ് ഇത്തവണ പുലിക്കളിക്ക് ഇറങ്ങിയത്.

വൈകീട്ട് നാലോടെയാണ് പുലികള്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചത്. ദേശങ്ങളെല്ലാം പുലി മുഖവും വേഷങ്ങളും പുതുക്കിയിരുന്നു. പുലിക്കളി സംഘങ്ങളോടൊപ്പം രണ്ട് വീതം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. റൗണ്ടിനെ വലംവെച്ച് നഗരി കീഴടക്കുന്ന പുലിക്കൂട്ടങ്ങളുടെ ആര്‍ത്ത് വിളിയോടെ തൃശൂരിന്റെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് അവസാനമാകും. പൂരം കഴിഞ്ഞാല്‍ തൃശൂര്‍ക്കാര്‍ക്ക് ഏറ്റവും പ്രധാനമാണ് പുലിക്കളി.

പുലിക്കളിയില്‍ ആദ്യമായാണ് സ്ത്രീകള്‍ പുലിച്ചായമിട്ട് നിരത്തിലിറങ്ങുന്നത്. ‘വിമന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഗ്രോത്ത് ത്രൂ സ്‌പോര്‍ട്‌സ്’ സംഘടനയാണ് വിയ്യൂര്‍ പുലിക്കളിസംഘത്തോടൊപ്പം ചേര്‍ന്ന് പുലിക്കളിയിലെ സ്ത്രീ സാന്നിധ്യത്തിനു തുടക്കമിട്ടത്. പോലീസ് അക്കാദമിയിലെ എ.എസ്.ഐ. ആണ് പുലികളില്‍ ഒരാളായ വിനയ. ഒപ്പമുള്ള ദിവ്യ മലപ്പുറം പുല്ലംകോട് സ്‌കൂളിലെ അധ്യാപികയാണ്. ഫാഷന്‍ ഡിസൈനറും കോഴിക്കോട് സ്വദേശിനിയുമായ സക്കീനയും ശനിയാഴ്ച പുലിയായി. ആണുങ്ങളുടേതുപോലെ തോന്നിക്കുന്ന പ്രത്യേക പുലിവേഷമാണ് ഇവര്‍ക്കായി ഒരുക്കിയിരുന്നത്.

സ്വരാജ് റൗണ്ടില്‍ വിവിധ നിറങ്ങളിലുള്ള വൈദ്യുതി ദീപങ്ങള്‍ക്കൊപ്പം ഹാലജന്‍ ലൈറ്റുകളും തെളിച്ച് പ്രത്യേക സന്ദര്‍ശക ഗാലറിയും ഒരുക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.