1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2015

സ്വന്തം ലേഖകന്‍: തുര്‍ക്കിയും റഷ്യയും ഉരസുന്നു, തുര്‍ക്കിക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധത്തിന് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഉത്തരവ്. സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവത്തിന്റെ തുടര്‍ച്ചയാണ് ഉപരോധം. സംഭവത്തില്‍ വിമാനത്തിലെ ഒരു പൈലറ്റ് കൊല്ലപ്പെടുകയും മറ്റൊരു പൈലറ്റ് സുരക്ഷിതമായി റഷ്യയില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

വിമാനം വെടിവെച്ചിട്ടത് സംഭവിക്കരുതായിരുന്നെന്നും ഇതില്‍ ദുഖമുണ്ടെന്നും ഉപരോധം ഏര്‍പ്പെടുത്തുന്നതിന് തൊട്ടുമുമ്പ്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖേദം രേഖപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യം മുമ്പ് കേട്ടുകേള്‍വിയില്ലാത്തതാണ്. റഷ്യയുടെ യുദ്ധവിമാനം വെടിവെച്ചിട്ട സംഭവവും തുല്യതയില്ലാത്തതാണ്. അതുകൊണ്ട് തന്നെ അതിനോടുള്ള പ്രതികാരം സ്വഭാവികമാണെന്നും ഉപരോധത്തെ കുറിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വക്താവ് ദിമിത്ര പെസ്‌കോവ് പറഞ്ഞു.

എന്നാല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യയുടെ നീക്കം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കാനേ ഉപകരിക്കൂ എന്നായിരുന്നു മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥന്റെ പ്രതികരണം. തുര്‍ക്കിയിലേക്ക് ഏറ്റവും കുടുതല്‍ പ്രകൃതിവാതകം വരുന്നത് റഷ്യയില്‍ നിന്നാണ്. ഇതിന് പുറമെ വ്യാപാര പങ്കാളികളില്‍ മുഖ്യസ്ഥാനവും റഷ്യക്കാണ്. ജനുവരി ഒന്ന് മുതലാണ് ഉപരോധം നിലവില്‍ വരിക. ചില ഉത്പന്നങ്ങള്‍ തുര്‍ക്കിക്ക് നല്‍ക്കുന്നതിന് നിരോധമേര്‍പ്പെടുത്തിയതിന് പുറമെ, റഷ്യയില്‍ ജോലി ചെയ്യുന്ന തുര്‍ക്കിക്കാരുടെ തൊഴില്‍കാലാവധി നീട്ടിക്കൊടുക്കാതെ അവസാനിപ്പിക്കാനും പുടിന്‍ ഉത്തരവിട്ടു.

റഷ്യയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കുക, തുര്‍ക്കിയില്‍ താമസിക്കുന്നതുള്‍പ്പെടെ റഷ്യന്‍ ടൂറിസം കമ്പനികള്‍ നടത്തുന്ന വെക്കേഷന്‍ പാക്കേജുകള്‍ റദ്ദ് ചെയ്യുക, തുര്‍ക്കിക്കും റഷ്യക്കും ഇടയിലെ വിസാരഹിത യാത്ര അവസാനിപ്പിക്കുക, സുരക്ഷാ കാരണങ്ങളുടെ പേരില്‍ തുര്‍ക്കി ചരക്ക് വിമാനങ്ങളുടെ മേല്‍ നിയന്ത്രണം ശക്തിപ്പെടുത്തുക എന്നിവയും ഉപരോധ പരിധിയില്‍ വരുന്നു.

റഷ്യ ഏര്‍പ്പെടുത്തിയ ഉപരോധം, ഇരു രാജ്യങ്ങളെയും മോശമായി ബാധിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തുര്‍ക്കി ഖേദം രേഖപ്പെടുത്തിയെങ്കിലും മാപ്പ് പറയണമെന്നാണ് പുടിന്റെ ആവശ്യം. എന്നാല്‍ മാപ്പ് പറയില്ലെന്നും അതിര്‍ത്തി ലംഘിച്ചതിനാലാണ് വിമാനം വെടിവെച്ചിട്ടതെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തുര്‍ക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.