1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2017

സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വകാര്യ ടാക്‌സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തിവക്കാന്‍ തീരുമാനം. ടാക്‌സി മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ സ്വകാര്യ ടാക്‌സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് പരിശോധന പൂര്‍ത്തിയാകുന്നത് വരെ നിര്‍ത്തിവക്കാന്‍ പൊതുഗതാഗത അതോറിറ്റി മേധാവി ഉത്തരവിട്ടു. ടാക്‌സി മേഖലയിലെ തൊഴിലവസരങ്ങള്‍ പഠിക്കുകയും പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് അതോറിറ്റി അറിയിച്ചു.

ടാക്‌സി മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനായി സ്വദേശികള്‍ക്ക് മാത്രം തൊഴില്‍ നല്‍കാനാണ് ശ്രമം. ഇതിന് വിരുദ്ധമായ കാര്യങ്ങള്‍ അതോറിറ്റി അനുകൂലിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. ജോലിക്കാരെ ആവശ്യപ്പെട്ടുള്ള കമ്പനികളുടെ പരസ്യങ്ങള്‍ നല്‍കേണ്ടത് അതോറിറ്റിയുമായി ബന്ധപ്പെട്ട ശേഷമായിരിക്കണമെന്നും നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ ടാക്‌സി കമ്പനികളാണ് സൗദിയില്‍ സര്‍വീസ് നടത്തുന്നത്. രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലും സേവനനിരക്കുകള്‍ ഏകീകരിക്കുന്നതിനുള്ള നടപടി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. അംഗീകൃത ടാക്‌സി നിരക്കുകള്‍ കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ പരസ്യപ്പെടുത്തണം. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴി സേവനം നടത്തുന്ന ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.