1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2011

ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക, ഉത്തരങ്ങള്‍ തേടി വരും എന്നാണ്‌. പക്ഷേ, ചില ചോദ്യങ്ങള്‍ക്ക്‌ ഉടന്‍തന്നെ ഉത്തരം വേണമെന്ന്‌ നിര്‍ബന്ധം പിടിക്കാന്‍ പാടില്ലെന്നു മാത്രം. അത്തരമൊരു ചോദ്യമായി മാറിയിരിക്കുകയാണല്ലോ ബാലകൃഷ്‌ണ പിള്ളയുടെ ഫോണ്‍വിളിച്ചോദ്യം. ഫോണ്‍, വിളി, പിള്ള, ഉമ്മന്‍ചാണ്ടി, പ്രൈവറ്റ്‌ സെക്രട്ടറി ശ്രീകുമാര്‍, പിള്ളയുടെ പാര്‍ട്ടി നേതാവ്‌ വേണുഗോപാലന്‍ നായര്‍, പിള്ളയുടെതന്നെ മരുമകന്‍ ടി ബാലകൃഷ്‌ണന്‍ തുടങ്ങിയ ചില നിഷേധിക്കാനാകാത്ത യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കുകയാണ്‌. എന്നാല്‍ ഇവതമ്മിലുള്ള കണക്ഷനാണ്‌ ഒത്തുവരാത്തത്‌. അത്‌ ആരെയൊക്കെയാണു കുഴയ്‌ക്കുന്നത്‌.

ഒമ്പതുമണി ചര്‍ച്ചക്കാര്‍ക്ക്‌ അതു കഴിഞ്ഞ്‌ പോയി രണ്ടെണ്ണം അടിച്ചിട്ടോ അടിക്കാതെയോ കിടന്നുറങ്ങുന്ന കാര്യമേയുള്ളു. പക്ഷേ, ഇരകള്‍ക്കോ. ഈ മൊബൈല്‍ ഫോണും സൈബര്‍ സെല്ലും കണ്ടുപിടിച്ചവനെ തല്ലണം. പറ്റുമെങ്കില്‍ കമ്പിപ്പാര കുത്തിക്കയറ്റുകതന്നെ വേണം. എങ്കില്‍ പിന്നെ ഫോണ്‍തന്നെ കണ്ടുപിടിച്ച ഗ്രഹാംബെല്ലിനെ ശപിച്ചു ഭസ്‌മമാക്കിയേക്കാം. ജീവിച്ചിരിപ്പില്ലാത്തയാളല്ലേ, നരകത്തില്‍ പോകട്ടെയെന്നു ശപിക്കാം. വേറെന്തു ചെയ്യാന്‍.

നോക്കണേ. ബാലകൃഷ്‌ണ പിള്ളയുടെ ഫോണ്‍ അദ്ദേഹം തടവുകാരനായിരിക്കുമ്പോള്‍ കൈവശം സൂക്ഷിക്കാന്‍ ആളില്ലാത്ത അനാഥനൊന്നുമല്ലല്ലോ അദ്ദേഹം. മരുമകനോ സഹായിയോ പാര്‍ട്ടി നേതാവോ ഒക്കെ കൈയില്‍ വെച്ചിരിക്കാം. അത്‌ അവര്‍, ശ്രീരാമന്റെ മെതിയടി ഭരതന്‍ എന്ന പോലെ സൂക്ഷിച്ചാദരിച്ച്‌ അതുവച്ച്‌ ഭരണം നടത്തുകയും ചെയ്‌തിരിക്കാം. ഭരണമാകുമ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെയും വനം മന്ത്രിയുടെ സെക്രട്ടറിയെയുമൊക്കെ വിളിക്കാതെങ്ങനെയാ. മുഖ്യമന്ത്രി കോട്ടയത്തും സെക്രട്ടറി മുളക്കുഴയിലുമായിരുന്ന ആ മധുരമനോജ്ഞ സായാഹ്നത്തില്‍ താനാണ്‌ വിളിച്ചത്‌, പിളളയദ്യേമല്ല എന്ന്‌ വേണുഗോപാലന്‍ നായര്‌ പറഞ്ഞുകഴിഞ്ഞു.

ഒറ്റയടിക്ക്‌ അദ്യേത്തെയും മരുമോന്‍ ഐഎഎസ്‌ ശിങ്കത്തെയും രക്ഷിക്കാനുള്ള പങ്കപ്പാട്‌. അമ്മായിയപ്പന്‍ ആശുപത്രിയിലാണെങ്കിലും തടവുപുള്ളിയാണ്‌. ഫോണ്‍ വിളിച്ചുകൂടാ. മരുമകന്‍ പെന്‍ഷന്‍ പറ്റാന്‍ പോവുകയാണ്‌. ഉപദ്രവിക്കാന്‍ പാടില്ല. അപ്പോള്‍ മുന്‍ പിന്‍ നോക്കാതെ അതങ്ങ്‌ ഏറ്റെടുക്കാന്‍ സ്വന്തമായിട്ട്‌ ഒരു നായരുള്ളതു നല്ലതല്ലേ. പക്ഷേ, നായര്‌ പിടിച്ച പുലിവാല്‌ എന്നു പറയുന്നത്‌ ഇതല്ലാതെ വേറെന്താണാവോ. പിള്ളയുടെ ഫോണില്‍ നിന്ന്‌ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയെ വിളിച്ചത്‌ ഞാനാണ്‌, ഞാനാണ്‌ , ഞാന്‍ മാത്രമാണ്‌ എന്ന്‌ ആണയിട്ട പിന്നാലെ ദാ, മറ്റൊരു പുലിവാല്‌. പിള്ളയുടേതെന്നു പറയുന്ന വേണുഗോപാലന്‍ നായരുടെ കൈവശ ഫോണിലേക്ക്‌ ഇതേ സമയത്തുതന്നെ നായരുടെ സ്വന്തം ഫോണില്‍ നിന്നു വിളിച്ചിട്ടുണ്ട്‌. എന്നുവച്ചാല്‍ വലതുകൈയില്‍ കൈവശഫോണും ഇടതുകൈയില്‍ സ്വന്തം ഫോണും പിടിച്ച്‌ പരസ്‌പരം വിളിച്ച്‌ രസിക്കുകയായിരുന്നു നായര്‌. ശ്ശോ, കൈയീ കാശുള്ളവരുടെ ഓരോരോ വിനോദങ്ങളേ.

ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം പിള്ളയുടെ ഫോണ്‍ വിളിയാണോ എന്നു ചോദിക്കുന്നവരുണ്ട്‌. നേരംപോക്കിന്‌ സാമുഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കാം എന്നു വിചാരിക്കുന്നവരുടെ കട്ടന്‍ കാപ്പി സദസുകളില്‍ ഇപ്പോള്‍ ഇതാണത്രേ സബ്‌ജക്‌റ്റ്‌. പിള്ളയല്ല പ്രശ്‌നം പുള്ളിയാണെന്ന്‌ മനസിലാക്കിക്കൊടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒന്നോ രണ്ടോ അല്ല പത്തു ദിവസമാണ്‌ വാഹന ജാഥ നടത്താന്‍ പോകുന്നത്‌. തടവു പുള്ളികള്‍ക്ക്‌ മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കാമെങ്കില്‍ പിള്ളക്കു മാത്രമായി ആ പ്രിവിലെജ്‌ ഒതുക്കരുതെന്ന ആവശ്യവും ഉയരാന്‍ പോവുകയാണ്‌. എല്ലാ പുള്ളികള്‍ക്കും വിളിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഓഫിസിലും വീട്ടിലും ഹോട്ട്‌ലൈന്‍ ആകാം. അതിനു ബജറ്റില്‍ തുകയും വകയിരുത്താം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെ കണ്ണൂരിലെ തടവുകാര്‍ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നാണ്‌ പിള്ളവാദികള്‍ തിരിച്ചടിക്കുന്നത്‌. അത്‌ ഇപ്പഴാണോ പറയുന്നത്‌. അന്നുമുണ്ടായിരുന്നല്ലോ ചാനലുകളും നിയമസഭയും അടിയന്തര പ്രമേയവുമൊക്കെ. ഇപ്പഴാണോ നേരം പുലര്‍ന്നത്‌? പ്രമുഖ വ്യവഹാരിയും അരുണ്‍ മോന്റെ അഛനുമായ അച്ചുവേട്ടന്‍ സുപ്രീംകോടതിയില്‍ പോകാന്‍ പോകുന്ന നേരമാ. അതിനെടേലാ പണ്ടത്തെ വിളിക്കാര്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.