1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2017

സ്വന്തം ലേഖകന്‍: രഞ്ജി മത്സരത്തിനിടെ മൈതാനത്തേക്ക് കാര്‍ ഓടിച്ചു കയറ്റി യുവാവ്, ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഡല്‍ഹിയും ഉത്തര്‍പ്രദേശും തമ്മില്‍ പാലം എയര്‍ഫോഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി മത്സരത്തിനിടെയായിരുന്നു യുവാവിന്റെ ഞെട്ടിപ്പിച്ച രംഗപ്രവേശം. സുരേഷ് റെയ്‌ന, ഇഷാന്ത് ശര്‍മ്മ, ഗൗതം ഗംഭീര്‍, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ നോക്കിനില്‍ക്കെ ഡല്‍ഹി സ്വദേശി മൈതാന മധ്യത്തേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു.

ബുദ്ധവിഹാര്‍ സ്വദേശിയായ ഗിരീഷ് ശര്‍മ്മ എന്നയാളാണ് വാഗണ്‍ ആര്‍ കാറും ഓടിച്ച് മൈതാനത്തെത്തിയത്. വന്‍ സുരക്ഷാവീഴ്ച്ചയാണ് മത്സരത്തിനിടയില്‍ സംഭവിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. രഞ്ജി ട്രോഫി മത്സരം പുരോഗമിക്കുന്നതിനിടെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. മൈതാനത്തിന്റെ പ്രവേശന കവാടത്തില്‍ സുരക്ഷാ ഭടന്‍മാരില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഗിരീഷ് ശര്‍മ്മ വാഹനവുമായി ഗ്രൗണ്ടിലേക്ക് കയറുകയായിരുന്നു.

കാറിന്റെ വരവ് കണ്ട് കളിക്കാരും കാണികളും അമ്പയര്‍മാരും അന്തംവിട്ടു. വാഹനം ഇടിക്കാതിരിക്കാനായി ഫീല്‍ഡ് ചെയ്യുകയായിരുന്ന താരങ്ങള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഡല്‍ഹി താരം ഗംഭീര്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഉത്തര്‍പ്രദേശ് താരങ്ങളായ അക്ഷദീപ് നാഥ്, ഇംതിയാസ് അഹമ്മദ് എന്നിവരായിരുന്നു ക്രീസിലുണ്ടായിരുന്നത്.

ഉടനെത്തന്നെ പ്രവേശനകവാടം അടച്ച് സുരഷാ ജീവനക്കാര്‍ ഗിരീഷിനെ പിടികൂടി. ലുങ്കിയും ഷര്‍ട്ടും ധരിച്ച് വണ്ടിയോടിച്ച ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നോ എന്നും സംശയമുണ്ട്. താന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ പാര്‍ലമെന്റ് സ്ട്രീറ്റ് ശാഖയിലാണ് ജോലി ചെയ്യുന്നതെന്നാണ് ഗിരീഷ് അവകാശപ്പെട്ടത്. കളിക്കാരെ പരിചയപ്പെടാനും പ്രശസ്തനാകാനുമാണ് താന്‍ ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നതെന്നും ഗിരീഷ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.