1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2024

സ്വന്തം ലേഖകൻ: ജോലിക്കിടയില്‍ ആശയവിനിമയത്തിനായി വിവിധ ഭാഷകള്‍ ഉപയോഗിക്കാം എന്ന മാര്‍ഗ്ഗനിര്‍ദ്ദേശ രേഖയുമായി സോമര്‍സെറ്റ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്. യൂണിസന്‍ യൂണിയനുമായി ചേര്‍ന്നാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖ പുറത്തിറക്കിയിരിക്കുന്നത്. എന്‍ എച്ച് എസ് തൊഴില്‍ സേനയുടെ ബഹുസ്വരത പ്രോത്സാഹിപ്പിക്കുന്നതിനും, എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്‍പോട്ട് പോകുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. വിദേശ നഴ്സുമാര്‍ക്കും കെയര്‍ വര്‍ക്കര്‍മാര്‍ക്കും ഇത് ബാധകമായിരിക്കും.

യൂണിസന്‍ പ്രതിനിധികളായ അഡേകുല്‍ ആകിനോള, നൂറിയ മോര്‍ട്ട് എന്നിവരായിരുന്നു ഇത്തരമൊരു നയമാറ്റത്തിന് എന്‍ എച്ച് എസ്സിനെ പ്രേരിപ്പിക്കാന്‍ മുന്‍കൈ എടുത്തത്. ജോലി സമയത്ത് റഷ്യന്‍ ഭാഷയില്‍ സ്വകാര്യ സംഭാഷണം നടത്തിയതിന് രണ്ട് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ വ്യത്യസ്ത ഷിഫ്റ്റുകളില്‍ ജോലിചെയ്യാന്‍ മാനേജര്‍ നിര്‍ബന്ധിതരാക്കി എന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു അവര്‍ ഇതിനായി ഇറങ്ങിത്തിരിച്ചത്. മാനേജരുടെ നടപടിക്കെതിരെ ട്രസ്റ്റിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

യൂണിസന്റെ, വംശീയ വിവേച പ്രോട്ടോക്കോളില്‍ഉള്‍പ്പെടുത്തി ഇക്കാര്യം തോംപ്സണ്‍സ് സോളിസിറ്റേഴ്സിന് റെഫര്‍ ചെയ്യുകയും ഒരു എംപ്ലോയെമെന്റ് ട്രിബ്യുണലില്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ യൂണിസാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് ട്രസ്റ്റ് മാനേജര്‍ ജീവനക്കാരോട് ക്ഷമാപണം നടത്തുകയായിരുന്നു. മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ മാനേജീരിയല്‍ പരിശീലനത്തിന്റെ കുറവുണ്ടെന്ന് ട്രസ്റ്റ് സമ്മതിക്കുകയും ചെയ്തു.

അതിനു ശേഷമായിരുന്നു യൂണിസന്‍ ട്രസ്റ്റ് അധികൃതരുമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകള്‍ക്ക് രൂപം നല്‍കാന്‍ ഒരുങ്ങിയതും. ഔദ്യോഗിക ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷിന് പ്രഥമ പരിഗണന നല്‍കുമ്പോഴും പ്രത്യേക സാഹചര്യങ്ങളില്‍ മറ്റ് ഭാഷകള്‍ ഉപയോഗിച്ചും ആശയവിനിമയം നടത്താം എന്നാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ആദ്യ കരട് തയ്യാറാക്കിയതിന് ശേഷം യൂണിയനിലെ കുടിയേറ്റ തൊഴിലാളികളായ അംഗങ്ങളില്‍ നിന്നും അഭിപ്രായ രൂപീകരണവും നടത്തിയിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ അന്തിമ രൂപം തയ്യാറാക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.