1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2011

പൃഥ്വിരാജിന്‍റെ കരിയറിന്‍റെ തുടക്കം മുതല്‍ അദ്ദേഹത്തിന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പിന്തുണ നല്‍കിയ വ്യക്തിയാണ് മഹാനടന്‍ തിലകന്‍. പൃഥ്വിക്ക് പ്രതിസന്ധിയുണ്ടായപ്പോഴൊക്കെ തിലകന്‍ സഹായത്തിനായി രംഗത്തുണ്ടായിരുന്നു. വിനയന്‍റെ ‘സത്യം’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് വിലക്ക് നേരിട്ടപ്പോഴും പൃഥ്വിക്കെതിരെ സൈബര്‍ ആക്രമണം നടന്നപ്പോഴുമെല്ലാം തിലകന്‍ പൃഥ്വിയെ അനുകൂലിച്ച് സംസാരിച്ചു. എന്നാല്‍ ഇപ്പോള്‍ ആദ്യമായി പൃഥ്വിയെ വിമര്‍ശിക്കുകയാണ് തിലകന്‍.

പൃഥ്വിരാജിന് തലക്കനം വച്ചുതുടങ്ങിയതായി സംശയമുണ്ടെന്നാണ് തിലകന്‍ പറയുന്നത്. പൃഥ്വിയെ വഷളാക്കുന്നത് മാതാവ് മല്ലികാ സുകുമാരന്‍ തന്നെയാണെന്നും തിലകന്‍ തുറന്നടിക്കുന്നു.

“പൃഥ്വിരാജിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ ആണെന്നൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. അവന്‍ കൂളിംഗ് ഗ്ലാസൊക്കെ വച്ചുതുടങ്ങിയിട്ടുണ്ട്. സുകുമാരന്‍റെയല്ലേ മോന്‍. അവന്‍റെ അമ്മയാണ് അവനെ വഷളാക്കുന്നത്.” – മംഗളത്തിനുവേണ്ടി ജിനേഷ് പൂനത്തിന് അനുവദിച്ച അഭിമുഖത്തില്‍ തിലകന്‍ പറയുന്നു.

കരിയറിന്‍റെ തുടക്കത്തിലാണ് പൃഥ്വിരാജെന്നും ഇപ്പൊഴേ സൂപ്പര്‍സ്റ്റാര്‍ കളിച്ചാല്‍ പൃഥ്വിക്ക് തന്നെയാണ് ദോഷമെന്നും ഈ അഭിമുഖത്തില്‍ തിലകന്‍ പറയുന്നു.

“എനിക്കും മോഹന്‍ലാലിനുമൊക്കെ നിരീക്ഷണം എന്ന ഗുണമുണ്ടായിരുന്നു. സമൂഹത്തിലുള്ള ഓരോ തരക്കാരെയും നിരീക്ഷിക്കും. കഥാപാത്രങ്ങളെ ഏറ്റെടുക്കുമ്പോള്‍ ഈ ശീലം ഏറെ ഗുണം ചെയ്യും. ‘മൂന്നാം പക്ക’ത്തില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ മുന്നില്‍ കണ്ടത് എന്‍റെ മുത്തച്ഛനെയായിരുന്നു. സ്ഫടികത്തിലെ ചാക്കോമാഷ് എന്‍റെ അച്ഛന്‍ തന്നെയായിരുന്നു. ഇന്ന് ലാലിനും എനിക്കുമൊന്നും അത് നടക്കില്ല. കാരണം, പുറത്തേക്കിറങ്ങുമ്പോള്‍ ആളുകൂടും. പൃഥ്വി ആദ്യം ചെയ്യേണ്ടത് ഇത്തരത്തില്‍ നിരീക്ഷണപാടവം ഉണ്ടാക്കിയെടുക്കലാണ്. അവനൊക്കെ സിനിമയിലേക്ക് വന്നിട്ടേയുള്ളൂ. കുറേ കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. അതിനുമുമ്പേ സൂപ്പര്‍സ്റ്റാര്‍ കളിച്ചുനടന്നാല്‍ അവനുതന്നെയാണ് ദോഷം” – തിലകന്‍ പറയുന്നു.

ഫെഫ്കയുടെ വിലക്കിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനിന്ന തിലകന്‍ ‘ഇന്ത്യന്‍ റുപ്പി’യിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യന്‍ റുപ്പി നിര്‍മ്മിച്ചത് പൃഥ്വിരാജായിരുന്നു എന്നതാണ് ഈ അഭിമുഖത്തിന്‍റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ ഉണ്ടാകുന്ന കൌതുകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.