1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2017

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ തീവണ്ടിയപകടം, മരണ സംഖ്യ 23 ആയി, 80 പേര്‍ക്ക് പരുക്ക്, അപകടം അട്ടിമറിയെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് മുസഫര്‍നഗറില്‍ പുരി–ഹരിദ്വാര്‍–കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം 23 ആയി. എണ്‍പതോളം പേര്‍ക്കു പരുക്കേറ്റതായും യുപി പൊലീസ് സ്ഥിരീകരിച്ചു. 14 കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയില്‍വേ അറിയിച്ചു. കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.

പരുക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ വ്യത്യാസം വന്നേക്കാമെന്നാണ് സൂചനകള്‍.ഒഡിഷയിലെ പുരിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ഉത്കല്‍ എക്‌സ്പ്രസാണ് ശനിയാഴ്ച വൈകീട്ട് 5.45ന് പാളം തെറ്റിയത്. അപകടം അട്ടിമറിയാണെന്നു സംശയമുള്ളതിനാല്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിനിടെ അഞ്ച് ട്രെയിന്‍ അപകടങ്ങളാണ് യുപിയില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിനു കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

തീവണ്ടിയുടെ 14 കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയില്‍വേ വക്താവ് അനില്‍ സക്‌സേന പറഞ്ഞു. ഒട്ടേറെ കോച്ചുകള്‍ കൂട്ടിയിടിച്ച് തകര്‍ന്നിട്ടുണ്ട്. സമീപത്തെ വീട്ടിലേക്കും ചില കോച്ചുകള്‍ ഇടിച്ചുകയറി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റവരെ സമീപത്തെ മറ്റ് ആശുപത്രികളിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 3.5 ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ചെറിയ പരുക്കുള്ളവര്‍ക്കു 25,000 രൂപയും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.