1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2016

സ്വന്തം ലേഖകന്‍: കൊളംബിയന്‍ വിമാന ദുരന്തം ഇന്ധനം തീര്‍ന്നതു മൂലമെന്ന് സൂചന, പൈലറ്റിന്റെ അവസാന വാക്കുകള്‍ പുറത്ത്. ‘ഇന്ധനവും റഡാറുമില്ല, ഞങ്ങള്‍ താഴേക്കു വീഴുന്നു,’ എന്നാണ് ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ ടീമുമായി അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റിന്റെ അവസാന വാക്കുകള്‍ എന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്നുവന്ന അവസാന റേഡിയോ സന്ദേശങ്ങളില്‍ ഒന്നാണിത്. അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത് മിഗ്വേല്‍ അലക്‌സാണ്ട്രോ മുറകാമി എന്ന പൈലറ്റായിരുന്നു. 77 യാത്രക്കാരില്‍ 71 പേരും അപകടത്തില്‍ കൊല്ലപ്പെട്ടു.

ഒപ്പമുണ്ടായിരുന്ന സഹപൈലറ്റ് യുവാന്‍ സെബാസ്റ്റിയന്‍ ഉപേഗുയിയോടാണ് മിഗ്വേല്‍ ഇന്ധനം തീരുകയാണെന്നും ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ തകരാറിലായെനും താഴേക്കു പോകുകയാണെന്നും അലറി വിളിക്കുന്നത്. ജിപിഎസ് പ്രവര്‍ത്തിക്കുന്നില്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും ഇരുവരും പറയുന്നുണ്ട്. തങ്ങള്‍ 1000 അടി ഉയരത്തില്‍ ആണെന്നും റഡാര്‍ ബന്ധം നഷ്ടമായതായും പറയുന്നതും കേള്‍ക്കാം. വിമാനം താഴേയ്ക്ക് പതിക്കുന്നതിന് മുമ്പുള്ള ശബ്ദ സന്ദേശമാണ് ഇതെന്നാണ് കരുതുന്നത്.

ഇന്ധനം തീര്‍ന്നു പോയതാണ് അപകടത്തിന് കാരണമായതെന്ന ആദ്യം പുറത്ത് വന്ന വാദത്തെ ന്യായീകരിക്കുന്നതാണ് പുതിയ വിവരങ്ങള്‍. അതേസമയം ഇക്കാര്യത്തില്‍ കൊളംബിയന്‍ അന്വേഷകര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ രക്ഷപ്പെട്ടവര്‍ തന്നെ നേരിട്ട് മൊഴി നല്കി എന്തെങ്കിലും സ്ഥിരീകരണം വരും വരെ ഒരു അഭിപ്രായ പ്രകടനവും നടത്തേണ്ട എന്ന നിലപാടിലാണ് കൊളംബിയന്‍ വ്യോമമന്ത്രാലയം. ഒരു പക്ഷേ ഇന്ധനടാങ്കില്‍ തീ പിടിച്ചതിനെ തുടര്‍ന്ന് വിമാനം ദ്രുതഗതിയില്‍ ലാന്റിംഗിന് ശ്രമിച്ചതാണോ എന്ന സംശയവും ബാക്കി നില്‍ക്കുകയാണ്.

അതേസമയം അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ഉടമസ്ഥരായ ലാമിയ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് ബോളീവിയ ഏവിയേഷന്‍ അഥോറിറ്റി സസ്‌പെന്‍ഡ് ചെയ്തു. പൈലറ്റിന്റെ കൂടി ഭാഗികമായ ഉടസ്ഥതയിലുള്ള ചാര്‍ട്ടേഡ് വിമാന കമ്പനിയാണിത്. 2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് മൂന്നു വിമാനങ്ങള്‍ മാത്രമാണുള്ളത്.

ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്‌ളബ്ബ് ഷപ്പെകൊയിന്‍സിലെ കളിക്കാര്‍ ഉള്‍പ്പെടെ ഏകദേശം എണ്‍പതിലധികം യാത്രക്കാരും ആറ് ജോലിക്കാരും യാത്ര ചെയ്തിരുന്ന വിമാനമാണ് തകര്‍ന്നത്. സംഭവത്തില്‍ 75 പേര്‍ മരണമടഞ്ഞതായിട്ടാണ് വിവരം. കോപ്പ സുഡാമെരിക്കാന മത്സരത്തിന്റെ ആദ്യപാദ ഫൈനല്‍ മത്സരം കളിക്കാനായി പോയ ടീമാണ് അപകടത്തില്‍ പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.