1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2016

സ്വന്തം ലേഖകന്‍: ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് ഇറ്റലി, മരണം 150 കവിഞ്ഞു, റിക്ടര്‍ സ്‌കെയില്‍ തീവ്രത 6.2, കനത്ത നാശനഷ്ടം. ഒരു നഗരത്തെ പൂര്‍ണ്ണമായും വിഴുങ്ങിയ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിയിട്ടുണ്ടെന്നും മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂചലനത്തില്‍ മധ്യ ഇറ്റാലിയിലെ നഗരങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.

ഇറ്റാലിയന്‍ സമയം പുലര്‍ച്ചെ 3.30 മണിയോടെ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 6.2 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അനേകം കെട്ടടങ്ങള്‍ തകര്‍ന്നുവീണു. പ്രഭവകേന്ദ്രത്തില്‍ നിന്നും പത്തു മൈലുകള്‍ മാത്രം അകലെയുള്ള പെസകാറാ ഡെല്‍ ട്രോണ്ടോയില്‍ വീടു തകര്‍ന്ന് പ്രായമായ ദമ്പതികള്‍ മരിച്ചതാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണവാര്‍ത്ത.

ചെറു നഗരമായ അമാട്രീസില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. നഗരത്തിന്റെ പകുതിയോളം തകര്‍ന്നു. അനേകം കെട്ടിടങ്ങള്‍ പൊളിഞ്ഞു വീഴുകയും ഒട്ടേറെ പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായുമാണ് വിവരം. റോഡുകളെല്ലാം പൂര്‍ണ്ണമായി തകര്‍ന്നതോടെ നഗരം ഒറ്റപ്പെടുകയും ചെയ്തതായി മേയര്‍ സെര്‍ജിയോ പിറോസി വ്യക്തമാക്കി. മണ്ണിടിഞ്ഞ് നഗരത്തിലേക്കുള്ള പാലവും തകര്‍ന്ന് പോയി.

ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ റോമില്‍ വരെ കേട്ടെന്നാണ് വിവരം. അക്കുമോലി, അമാട്രീസ്, പോസ്റ്റ, അര്‍ക്വാട്ട ഡെല്‍ ട്രോണ്ടോ എന്നീ നഗരങ്ങളെയാണ് ഭൂചലനം ഏറ്റവും ബാധിച്ചത്. നാലു നഗരങ്ങളിലേക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനുമായി ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്. മദ്ധ്യ ഇറ്റലിയെ ഉടനീളം ചുഴറ്റിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ ആടിയുലഞ്ഞതായി റോം നിവാസികള്‍ പറഞ്ഞു. 2009 ല്‍ ഇറ്റാലിയന്‍ നഗരമായ എല്‍ അക്വിലയില്‍ ഉണ്ടായ ഭൂചലനത്തില്‍ 300 പേര്‍ മരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.