1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2015

സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കിയവര്‍ മണ്ടന്മാരായോ? ത്രിവര്‍ണ ആപ്പ് ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഓര്‍ഗിലേക്കുള്ള കുറുക്കുവഴി? വിവാദം ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഡിജിറ്റല്‍ ഇന്ത്യ കാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റല്‍.

ഒപ്പം ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണക്കുന്നവര്‍ക്ക് പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണം പൂശാനായി ഒരു ആപ്പും അവതരിപ്പിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിഉഅതോടെ സംഭവം തരംഗമായി. ലക്ഷക്കണക്കിന് ഫേസ്ബുക്ക് അംഗങ്ങളാണ് സുക്കര്‍ബഗിന്റേയും മോദിയുടേയും പാത പിന്തുടര്‍ന്ന് പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണം പൂശിയത്.

എന്നാല്‍ ഈ പ്രൊഫൈല്‍ ചിത്രം മാറ്റുന്ന ആപ്പ് ഒരു തട്ടിപ്പാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വാര്‍ത്ത. ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്ന്‍ ആണെന്ന് കരുതി ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് Internet.org എന്ന ഫേസ്ബുക്ക് പരിപാടിയെ ആണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. നെറ്റ് ന്യൂട്രാലിറ്റി എന്ന ഇന്റര്‍നെറ്റ് സമത്വ നിലപാടിനു എതിരെ നില്‍ക്കുന്ന ഈ പരിപാടിക്ക് അറിയാതെ തലവെച്ചുകൊടുക്കുകയാണത്രെ പ്രൊഫൈല്‍ ചിത്രം മാറ്റുന്നവര്‍ ചെയ്യുന്നത്.

ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നെ പിന്തുണച്ച് പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നവരുടെ പേരുകള്‍ internet.org സപ്പോര്‍ട്ട് ചെയ്യുന്നവരുടെ പേരുകള്‍ ആയി ഇന്ത്യന്‍ സര്‍ക്കാരിന് ഫേസ്ബുക്ക് സമര്‍പ്പിക്കുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ത്രി വര്‍ണ ആപ്പില്‍ അതിനുള്ള അല്‍ഗോരിതം ഫേസ്ബുക്ക് ഒളിപ്പിച്ചതായും തെളിവുസഹിതം അവര്‍ വ്യക്തമാക്കുന്നു. ദേശസ്‌നേഹത്തിന്റെ മറവില്‍ സ്വന്തം കാംപെയ്ന്‍ വിജയിപ്പിക്കാനാണ് സുക്കര്‍ബര്‍ഗ് ശ്രമിക്കുന്നതെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നെ അല്ല, അതിനെ ഉപയോഗിച്ച് Internet.org ക്യാംപെയ്‌നെ വളര്‍ത്താനുള്ള സുക്കര്‍ബര്‍ഗിന്റെ ശ്രമങ്ങളെയാണ് തങ്ങള്‍ എതിര്‍ക്കുന്നത് എന്നാണ് ക്യാംപെയ്ന്‍ നടത്തുന്നവര്‍ പറയുന്നത്.
ഫേസ്ബുക്ക് മറ്റ് ആറ് കമ്പനികളുമായി നടത്തുന്ന പദ്ധതിയാണ് Internet.org. ലോകത്തെല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ്. ഓര്‍ഗ് സൃഷ്ടിച്ചതെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

ഫേസ്ബുക്കിന്റെ Internet.org ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്ക് എതിരാണെന്നാണ് ആക്ഷേപം. ഇതില്‍ ഉപയോഗിക്കുന്ന സീറോ റേറ്റിങ് എന്ന ആശയം ഇന്റര്‍നെറ്റ് തുല്ല്യതയ്ക്ക് യോജിക്കുന്നതല്ല. ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്നാണ് Internet.org ഫേസ്ബുക്ക് ഫ്രീ ബേസിക്‌സ് എന്ന പേരില്‍ വീണ്ടൂം രംഗത്തിറക്കിയത്. എന്നാല്‍ റിലയന്‍സ് കണക്ഷന്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്നവര്‍ക്കു മാത്രമാണ് ഇന്റര്‍നെറ്റ് ഓര്‍ഗിന്റെ സൗജന്യ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയൂ എന്നതാണ് രസകരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.