1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2016

സ്വന്തം ലേഖകന്‍: കേരളത്തില്‍ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, മൂന്നു ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. ഒരു കാരണവശാലും ഉച്ചനേരത്തെ വെയില്‍ കൊള്ളരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ മേയ് മൂന്നു വരെയും കോഴിക്കോട് ജില്ലയില്‍ മേയ് എട്ടു വരെയും കൊല്ലം ജില്ലയില്‍ മേയ് 20 വരെയുമാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊരിവെയിലത്തും ക്ലാസ്സുകള്‍ക്കും മറ്റുമായി കുട്ടികള്‍ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും തുറന്ന് പ്രവര്‍ത്തിക്കുവാനോ സ്‌പെഷ്യല്‍ ക്ലാസ്സുകളോ ട്യൂഷന്‍ ക്ലാസ്സുകളോ മറ്റോ സഘടിപ്പിക്കുവാനോ പാടില്ല. മേയ് എട്ടിനു ശേഷം ക്ലാസ്സുകള്‍ നടത്തുന്ന കാര്യത്തില്‍ അന്നത്തെ സ്ഥിതിഗതികള്‍ പുനരവലോകനം ചെയ്ത് പുതിയ ഉത്തരവ് നല്‍കും.

പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 40 ഡിഗ്രിക്കു മുകളില്‍ ആയതിനാല്‍ പകല്‍ 11 മണി മുതല്‍ ഉച്ചക്ക് മൂന്നു മണിവരെ നേരിട്ട് വെയില്‍കൊള്ളുന്നത് ഒഴിവാക്കണം. ഈ സമയത്ത് പുറത്തിറങ്ങുന്നവര്‍ കുടക്കൊപ്പം കുടിവെള്ളം കൂടി കരുതണം. ആശുപത്രികള്‍ ഏത് അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.